Recipe

മുംബൈ സ്പെഷ്യൽ രുചിക്കൂട്ട്; പാവ് ബാജി റെഡി | pav-bhaji

റസ്റ്ററന്റിൽ കിട്ടുന്ന രുചിയിൽ പാവ് ബാജി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ:

  • പാവ്/ ബ്രെഡ്
  • ഗ്രീൻപീസ് – 1 കപ്പ്
  • കോളിഫ്ലവർ – ചെറിയ കഷ്ണം
  • കാപ്സിക്കം അരിഞ്ഞത് – 2 എണ്ണം
  • തക്കാളി അരിഞ്ഞത് – 3 എണ്ണം
  • സവാള അരിഞ്ഞത് – രണ്ട് എണ്ണം
  • മുളകുപൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -1/ 4 ടീസ്പൂൺ
  • പാവ് ബാജി മസാല പൗഡർ -രണ്ട് ടീസ്പൂൺ
  • ബട്ടർ -100 ഗ്രാം
  • മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
  • ഗാർലിക്ക് പേസ്റ്റ് -1 ടീസ്പൂൺ
  • പഞ്ചസാര – 1 / 4 ടീസ്പൂൺ

 തയാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിലേക്ക് ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, കോളിഫ്ലവർ എന്നിവ ഇട്ട് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. നന്നായി വെന്തു വരുമ്പോൾ ഒരു തവി ഉപയോഗിച്ച് ഉടച്ചു മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ എണ്ണയും ബട്ടറും ചേർത്ത് ചൂടായി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി വഴന്നുവരുമ്പോൾ കാപ്സിക്കം കൂടിയിട്ട് നന്നായി വഴറ്റി എടുക്കാം.

ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി വഴന്നു വരുമ്പോൾ പൊടികൾ ഓരോന്നായി ചേർത്തു കൊടുക്കാം. മഞ്ഞൾപ്പൊടി, മുളകുപൊടി, പാവ് ബാജി മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം .

ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി അരച്ചത് ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കാം. നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മിക്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ആവശ്യമായ വെള്ളം ചേർത്തു നന്നായി തിളച്ചുവരുമ്പോൾ കാൽ ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ബട്ടറും ആവശ്യത്തിന് മല്ലിയിലയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങി വയ്ക്കാം. പാവ് തയാറാക്കാൻ ഒരു ദോശ തവ അടുപ്പിൽവച്ച് ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ ബട്ടർ ഇട്ടുകൊടുക്കാം. ഇതിലേക്ക് നേരത്തെ തയാറാക്കി വച്ച പാവ് ബാജി മസാല ഒരു ടീസ്പൂൺ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഇതിലേക്ക് പാവ് വച്ച് തിരിച്ചും മറിച്ചും ഇട്ട് ഫ്രൈ ചെയ്ത് എടുത്തു വിളമ്പാം.

content highlight: pav-bhaji