Lifestyle

മുട്ടുവേദനയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം ? എങ്കിൽ ഇതായിരിക്കാം കാരണം

എല്ലാ പ്രായത്തിലുള്ള ആളുകളിലും മുട്ടുവേദന ഒരു സാധാരണ ലക്ഷണമാണ്. ഇത് ഒരുപക്ഷെ പെട്ടെന്ന് ആരംഭിച്ചേക്കാം. പലപ്പോഴും ഒരു പരിക്കോ അല്ലെങ്കിൽ ചെറിയ വ്യായാമത്തിന് ശേഷമോ കാൽമുട്ട് വേദനയും ഒരു ചെറിയ അസ്വസ്ഥതയായി ആരംഭിച്ച് പിന്നീട് അത് പതുക്കെ വഷളായി ഗുരുതരമായി മാറുന്നതാണ് പതിവ്. കാൽമുട്ട് വേദനയ്ക്ക് വ്യത്യസ്ത കാരണങ്ങളുണ്ടാകാം. എന്തുതന്നെ ആയാലും തുടക്കത്തിലേ ചികിത്സ അത്യാവശ്യമാണ്.

പ്രായം കൂടുമ്പോൾ മുട്ട് സന്ധിയിലുണ്ടാകുന്ന തേയ്മാനമാണ് പ്രായമായവരിലെ മുട്ടുവേദനയുടെ പ്രധാന കാരണം. രണ്ട് എല്ലുകൾക്കിടയിൽ റബർ പോലുള്ള കാർട്ലേജ്  കുഷ്യനുണ്ട്. യഥാർഥത്തിൽ ഇതിനാണ് തേയ്മാനം സംഭവിക്കുന്നതും ദ്രവിച്ചു പോകുന്നതും. ഇരുന്ന് എഴുന്നേൽക്കുമ്പോൾ, പടികൾ കയറി ഇറങ്ങുമ്പോൾ ഒക്കെ മുട്ട് വേദന അനുഭവപ്പെടാറുണ്ട്. ഇതിനു പ്രധാന കാരണം മുട്ടുകൾക്കുള്ളിലെ കാർട്ടിലേജിന്റെ തേയ്മാനം തന്നെയാണ്. ഇത് പ്രായമായവരിലെ മുട്ടുവേദനയുടെ കാരണമാണ്. ഇന്നത്തെ കാലഘട്ടത്തിൽ കൗമാരക്കാരിലും മുട്ടുവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിന്റെ കാരണം അമിതഭാരമാണ്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ മുട്ടുവേദന നേരത്തെ എത്താൻ കാരണമാകുന്നുണ്ട്. പോഷകങ്ങൾ കുറഞ്ഞ ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം തരുണാസ്ഥിയ്ക്കും എല്ലുകൾക്കും ബലക്കുറവ് വരുന്നവരുടെ എണ്ണം പുതിയ തലമുറയിൽ കൂടിയിട്ടുണ്ട്. മുട്ടു വേദനയ്ക്ക് ചികിത്സ തേടുന്നവരിൽ 90 ശതമാനം പേരും അമിതവണ്ണക്കാരാണ്.

മുട്ട് വേദന വന്നാൽ പ്രധാനമായി വേണ്ടത് വിശ്രമം തന്നെയാണ്. വേദന കൂടുതലുള്ള സമയത്ത് പൂർണമായും വിശ്രമിക്കണം. ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഭാരം കുറയുമ്പോൾ മുട്ട് വേദനയും കുറയും. ഇതിനു പുറമെ മുട്ടിന്റെ ചുറ്റുമുള്ള മസിലിന്റെ ശക്തി കൂട്ടാനുള്ള വ്യായാമങ്ങളും പ്രധാനമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ വ്യായാമം തീർച്ചയായും ഉൾപ്പെടുത്തണം . ഇരുന്നു ജോലി ചെയ്യുന്നവർ ഇടക്കൊന്നു എഴുന്നേറ്റ് നടക്കുകയും, ചെറിയ തോതിൽ സ്ട്രെച്ചിങ് എക്സർസൈസ് ചെയ്യുകയും വേണം. വീട്ടിൽ വെച്ച് കിടക്കുമ്പോൾ കാൽ നീട്ടി ഉയർത്തി പിടിക്കുക, ബുദ്ധിമുട്ട് തോന്നുമ്പോൾ താഴേക്കിടുക. ഇത് പലതവണ ആവർത്തിക്കുക. കാൽ നല്ലപോലെ സ്ട്രെച്ച് ചെയ്തു പിടിക്കുക, ഇതും പലവട്ടം ദിവസവും ചെയ്യുക. ഒരു പരിധി വരെ മുട്ടുവേദനക്കു പരിഹാരം ഉണ്ടാവും.