സോഷ്യല്‍ മീഡിയയിലൂടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീര്‍ പള്ളിവയലിനെതിരെയാണ് പോലീസ് കേസ് എടുത്തത്. കല്‍പറ്റ ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയ് നല്‍കിയ പരാതിയിലാണ് നടപടി.
ചൂരല്‍മല പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജഷീറിന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിനോയിയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഭീഷണിക്കുറിപ്പ് ജഷീര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ‘ദൈവം ആയുസ് തന്നിട്ടുണ്ടേല്‍ മോനേ വിനോയ് കെ.ജെ, തന്നെ വിടത്തില്ല’ എന്നാണ് ജഷീറിന്റെ ഭീഷണി.
തന്നെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചതെന്ന് വിനോയ് നല്‍കിയ പരാതിയില്‍ പറയുന്നു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ തന്റെ പുറംഭാഗത്തിന്റെ ചിത്രവും ജഷീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ജഷീറിനോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് എന്നിവര്‍ ഉള്‍പ്പെടെ അമ്പതോളം പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിരുന്നു. ലാത്തിച്ചാര്‍ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
STORY HIGHLIGHT: youth congress leader jasheer threatening police officer