Kerala

ഈ രാഷ്ട്രീയ നാടകം എന്തിനുവേണ്ടിയായിരുന്നു? പെട്ടി പ്രശ്‌നം വിടാന്‍ ഉദ്ദേശിച്ചിട്ടില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ – rahul mamkootathil slams on palakkad election allegations

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനഹിതം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എമ്മും ബി.ജെ.പിയും കള്ളപ്പണ ആരോപണം ഉന്നയിച്ചതെന്ന് പാലക്കാട് നിയുക്ത എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. ഈ പെട്ടി പ്രശ്‌നം വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു സ്ഥാനാര്‍ഥി എന്ന നിലയിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും തന്നെ അപമാനിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കും സി.പി.എമ്മും ബി.ജെ.പിയും നിയമപരമായി തന്നെ മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ബി.ജെ.പി. രണ്ടാമത് നില്‍ക്കുന്ന ഒരു മണ്ഡലത്തില്‍ ഒന്നാമതാകുന്നതിനായി അവര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നത് മനസിലാക്കാം. അവര്‍ അത് ചെയ്യുന്നവരുമാണ്. എന്നാല്‍, ബി.ജെ.പിയെ ഒന്നാമതെത്തിക്കാന്‍ സി.പി.എമ്മിന്റെ ഒരു മന്ത്രിയും അദ്ദേഹത്തിന്റെ അളിയനും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ നാടകം എന്തിനുവേണ്ടിയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രസിഡന്റും സി.പി.എം. സംസ്ഥാന സെക്രട്ടറിയും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെല്ലാം ജലരേഖയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.

ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളിലേക്ക് യൂണിഫോം പോലുമില്ലാത്ത പോലീസുകാര്‍ നടത്തിയ തോന്ന്യവാസം, ഒരു സ്ഥാനാര്‍ഥി എന്ന നിലയിലും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും തന്നെ അപമാനിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, ഇതിനെല്ലാം സി.പി.എമ്മും ബി.ജെ.പിയും നിയമപരമായി കൂടി മറുപടി പറയേണ്ടിവരുമെന്നും പറഞ്ഞ രാഹുല്‍ ഈ പെട്ടി പ്രശ്‌നം വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി. താന്‍ നല്‍കിയ മാനനഷ്ട കേസിന്റെ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും മറ്റ് കേസുകളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

STORY HIGHLIGHT: rahul mamkootathil slams on palakkad election allegations