ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിലുള്ള പള്ളികൾ ബലംപ്രയോഗിച്ച് ഏറ്റെടുത്ത് ഒരു വിഭാഗത്തിന് കൈമാറുന്നത് സഭാതർക്കം പരിഹരിക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ലെന്ന് കേരളം. പള്ളികളുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ആറുമാസത്തെ സമയം കൂടി അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഓർത്തഡോക്സ് -യാക്കോബായ തർക്കം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
2017-ൽ കെ.എസ് വർഗീസ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനുള്ള നടപടിക്രമം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
മലങ്കരസഭയ്ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്നായിരുന്നു 2017-ലെ സുപ്രീംകോടതി വിധി. ഈ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി യാക്കോബായ സഭയുടെ കൈയിൽ ഉണ്ടായിരുന്ന നിരവധി പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇരുസഭകളും തമ്മിലുള്ള പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തിൽ ഉൾപ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ ഇരുപതോളം മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.
എന്നാൽ ഹൈക്കോടതി നിർദേശിച്ച പള്ളികളിൽ ഭൂരിഭാഗം അംഗങ്ങളും യാക്കോബായ സഭാ വിശ്വാസികളാണ്. പള്ളികൾ ബലം പ്രയോഗിച്ച് ഏറ്റെടുത്താൽ അവിടെ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചു.
STORY HIGHLIGHT: kerala orthodox jacobite church dispute