തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോർട്ട്. വിദ്വേഷ പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ ഗ്രൂപ്പിൽ ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നാണു പ്രാഥമികാന്വേഷണം നടത്തിയ നർകോട്ടിക്സ് സെൽ അസിസ്റ്റന്റ് കമ്മിഷണർ അജിത്ചന്ദ്രൻ നായരുടെ റിപ്പോർട്ട്. സ്വന്തം ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണൻ നീക്കിയതിനാൽ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാകാത്തതും വെല്ലുവിളിയാണ്.
വിവാദ ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരിൽ ആരെങ്കിലും പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കൂവെന്നും പുറമേ നിന്നുള്ളവർ നൽകുന്ന പരാതി മതിയാകില്ലെന്നുമാണു പൊലീസ് നിലപാട്. മതാടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കിയതു ഗോപാലകൃഷ്ണൻ തന്നെയെന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിൽ ചീഫ് സെക്രട്ടറി രേഖപ്പെടുത്തിയ കുറ്റത്തിലാണ് തെളിവും പരാതിയുമില്ലെന്ന കാരണത്താൽ കേസ് ഒഴിവാക്കുന്നത്.