തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ജാഗ്രത തുടരണം. ദുർബലമായ ഫെംഗൽ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി. അടുത്ത മണിക്കൂറുകളിൽ വടക്കൻ കേരളത്തിനും കർണാടകത്തിനും മുകളിലൂടെ അറബിക്കടലിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു ജില്ലയിൽ ദുരിതാശ്വാസ കൃാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ സ്കൂളുകൾക്കാണ് ഇന്ന് സമ്പൂർണ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കാസർകോട് ജില്ലയിൽ അതിശക്തമായ മഴയാണ്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഞ്ചേശ്വരം പൊസോട്ട് മൂന്ന് വീടുകൾ വെള്ളത്തിൽ മുങ്ങി. ദേശീയപാത നിർമാണത്തോടെ വെള്ളം ഒഴുകിപ്പോകാനുള്ള വഴി അടഞ്ഞതാണ് സമീപത്തെ മൂന്ന് വീടുകൾ പകുതിയോളം വെള്ളത്തിൽ മുങ്ങാൻ കാരണം. ഇന്നലെ ഉച്ചമുതലാണ് ശക്തമായ മഴ തുടങ്ങിയത്.
ദേശീയപാതയിലും വൻ വെള്ളക്കെട്ടുണ്ട്. പൊസോട്ട് മഹ്മൂദ്, ഇസ്മാഈൽ, അബ്ദുർ റഹ്മാൻ എന്നിവരുടെ വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. കൂടാതെ കുമ്പള ഷിറിയയിൽ ദേശീയപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് വാഹന ഗതാഗത്തിന് തടസം ഉണ്ടാക്കി. വാഹനങ്ങൾ പകുതിയോളം മുങ്ങുന്ന രീതിയിലാണ് റോഡിൽ വെള്ളം കയറിയത്.