തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് സിപിഎമ്മിന്‍റെ തിരുവനന്തപുരം മംഗലപുരം ഏരിയാ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
ജില്ലാ, സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. മധുവിനെ പുറത്താക്കണമെന്നായിരുന്നു ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന നേതൃത്വത്തോട് ശിപാർശ ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎയ്ക്കെതിരെ സാമ്പത്തികാരോപണങ്ങൾ അടക്കമുന്നയിച്ചായിരുന്നു മധു താൻ പാർട്ടി വിട്ടെന്ന് ഇന്നലെ പ്രഖ്യാപിച്ചത്. തന്‍റെയൊപ്പം മകൻ കൂടി പാർട്ടി വിടുമെന്ന് മധു ഇന്നലെ അവകാശപ്പെട്ടിരുന്നു. എന്നാൽ മകൻ പാർട്ടി വിടില്ലെന്നാണ് സിപിഎം വാദം. തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയിൽ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം.