ശബരിമല: പമ്പാ നദിയിൽ ഇറങ്ങുന്നതിന് ശബരിമല തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തി. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം വന്നതിനെ തുടർന്നാണു തീരുമാനം. പമ്പാ നദിയിൽ അടിയൊഴുക്കുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കണമെന്നു നിർദേശമുണ്ട്. ഇരുകരകളിലും ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരെ നിയോഗിച്ചു.
പമ്പയിലെ ജലനിരപ്പ് 24 മണിക്കൂറും ഇറിഗേഷൻ വകുപ്പ് നിരീക്ഷിക്കും. ഇന്നലെ വൈകിട്ടും സന്നിധാനത്ത് ശക്തമായ മഴ പെയ്തു. മഴയുടെ അളവ് അറിയുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴ മാപിനികളൊരുക്കിയിട്ടുണ്ട്. ഉൾവനത്തിലെ മഴയുടെ അളവ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മനസ്സിലാക്കും. മഴ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലും നീരൊഴുക്ക് വർധിച്ചാലും ആവശ്യമെങ്കിൽ പമ്പയിൽ സ്‌നാനത്തിനു നിയന്ത്രണം ഏർപ്പെടുത്തും. പമ്പാ നദിയിൽ മിന്നൽപ്രളയ സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിനായി പ്രത്യേക കർമപദ്ധതി വിവിധ വകുപ്പുകളുടെ സംയുക്തയോഗം ചേർന്നു തയാറാക്കി.