ആലപ്പുഴ: രാത്രി ഒൻപതുമണിയോടെ കനത്ത മഴയ്ക്കിടെ കൂട്ടിയിടിയുടെ ശബ്ദം കേട്ടാണ് സമീപവാസികളും അതുവഴിപോയവരുമെല്ലാം ഓടിക്കൂടിയത്. കാർ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാർ വെട്ടിപ്പൊളിച്ച് വിദ്യാർഥികളെ പുറത്തെടുക്കുമ്പോൾ കാറോടിച്ചിരുന്നയാൾക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഇയാളിൽനിന്നാണ് മെഡിക്കൽ കോളേജ് വിദ്യാർഥികളാണെന്നുള്ള വിവരം ലഭിച്ചത്.
നാട്ടുകാർ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവിടെ വെളിച്ചക്കുറവുമുണ്ടായിരുന്നു ട്രാഫിക് പോലീസിന്റെ ഉൾപ്പെടെ വാഹനത്തിലാണ് പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. ബസ്സിനടിയിൽ കാർ കുടുങ്ങിയ നിലയിലായിരുന്നു. ബസ് പിന്നിലേക്കു തള്ളിമാറ്റിയാണ് കാർ വേർപെടുത്തിയത്. കാർ പൂർണമായി തകർന്നു. കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. അതിവേഗത്തിന് സാധ്യതയുള്ള പ്രദേശമല്ലിതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കാർ ബസ്സിലേക്ക് വന്നിടിക്കുകയായിരുന്നെന്ന് ബസ് ഡ്രൈവർ പറഞ്ഞു.
കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി. ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.