സുരാജ് വെഞ്ഞാറമൂട് വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രമാണ് ഇ.ഡി അഥവാ എക്സ്ട്രാ ഡീസന്റ്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചെത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ക്ലീൻ ഷേവ് ചെയ്ത് കണ്ണടവെച്ചാണ് സുരാജിന്റെ ചിത്രത്തിലെ ലുക്ക്. വേഷപ്പകര്‍ച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന നടനാണ് സുരാജ് എന്നതുകൊണ്ട് തന്നെ ഈ കഥാപാത്രവും മികച്ചതായേക്കാനാണ് സാധ്യത. ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന സിനിമയിൽ വൻ സൈക്കോയായാണ് സുരാജിന്റെ വേഷപ്പകർച്ച. താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കാണ് ട്രെയിലറിൽ ഉള്ളത്. ഒരു കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥയാണ് സിനിമ പറയുന്നത്. രണ്ട് മിനിറ്റോളം നീളുന്ന ട്രെയിലറിൽ സുരാജിന്റെ വ്യത്യസ്ത മുഖഭാവങ്ങൾ മിന്നി മറയുന്നത് കാണാം. കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിന്റെ സൈക്കോ ഷമ്മിയേക്കാൾ ഈ കഥാപാത്രം കയറിക്കത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
അഭിനയ ജീവിതത്തില്‍ നിന്ന് നിര്‍മ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് എക്സ്ട്രാ ഡീസന്റ്. സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമിക്കുന്ന ചിത്രം ഈ മാസം 20ന് തിയറ്ററുകളിൽ എത്തും. സുരാജിനെക്കൂടാതെ ഗ്രേസ് ആന്റണി, ശ്യാം മോഹൻ എന്നിവരാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നത്. സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, വിനയപ്രസാദ്, റാഫി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ഛായാഗ്രഹണം ഷാരോൺ ശ്രീനിവാസും മ്യൂസിക് ചെയ്തിരിക്കുന്നത് അങ്കിത് മേനോനും എഡിറ്റിങ്ശ്രീ നിർവഹിച്ചിരിക്കുന്നത് ജിത്ത് സാരംഗുമാണ്.