തമിഴ്നാട്ടിലെ മഴക്കെടുതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായം ഉറപ്പ് നൽകി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണിൽ വിളിച്ചാണ് മോദി, അടിയന്തര സഹായം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയത്. തമിഴ്നാട്ടിലെ മഴക്കെടുതിയിൽ 2000 കോടി രൂപയുടെ സഹായം വേണമെന്നാവശ്യപ്പെട്ട് നേരത്തെ സ്റ്റാലിൻ, പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദി, സ്റ്റാലിനെ നേരിട്ട് വിളിച്ച് സഹായം ഉറപ്പ് നൽകിയത്.
സംസ്ഥാനത്ത് വലിയ നാശമാണ് ഫിൻജാൽ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. മഴക്കെടുതിയിൽ 12 പേർ മരിക്കുകയും 2,400 ലധികം കുടിലുകളും 721 വീടുകളും നശിക്കുകയും ചെയ്തു. ഇതോടൊപ്പം 2.11 ലക്ഷം ഹെക്റ്റർ കാർഷിക ഭൂമിയും വെള്ളത്തിൽ മുങ്ങി. 9,500 കിലോമീറ്റർ റോഡുകൾ, 1,847 പാലങ്ങൾ, 417 ടാങ്കുകൾ, 1,649 കിലോമീറ്റർ വൈദ്യുതി കേബിളുകൾ, 23,664 വൈദ്യുതി പോസ്റ്റുകൾ, 997 ട്രാൻസ്ഫോർമറുകൾ, 4,200 അങ്കണവാടി കേന്ദ്രങ്ങൾ, 205 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, 5,936 സ്കൂൾ കെട്ടിടങ്ങൾ, 381 കമ്യൂണിറ്റി ഹാളുകൾ, 623 വെള്ളവിതരണ പദ്ധതികൾ തുടങ്ങിയവയെല്ലാം നശിച്ചതായാണ് കണക്ക്.