സിനിമ റിവ്യൂകൾ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമ നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസം സോഷ്യൽ മീഡിയ റിവ്യൂകള്‍ അനുവദിക്കരുത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും നിർമാതാക്കൾ ഹർജിയിൽ ആവശ്യപ്പെടുന്നു. മനഃപ്പൂർവം സിനിമകളെ നശിപ്പിക്കാനുള്ള ശ്രമമാണ് റിവ്യൂവർന്മാർ നടത്തുന്നതെന്നും വേട്ടയ്യന്, കങ്കുവ, ഇന്ത്യൻ -2 സിനിമകൾ ഉദാഹരണമാണെന്നും നിർമാതാക്കൾ ഹർജിയിൽ പറയുന്നു. തമിഴ്നാട്ടിൽ സമീപകാലത്ത് റിലീസ് ചെയ്ത രജനികാന്ത് ചിത്രം വേട്ടയ്യൻ, കമൽഹാസന്റെ ഇന്ത്യൻ 2 തുടങ്ങിയ ബിഗ് ബജറ്റ് സിനിമകൾ പ്രതീക്ഷിച്ച കളക്ഷനുകൾ നേടിയിരുന്നില്ല. സൂര്യയുടെ കങ്കുവ റിലീസ് ചെയ്ത് ആദ്യ ഷോയുടെ ഇടവേളയിൽ തന്നെ നെഗറ്റീവ് റിവ്യൂകൾ വന്നിരുന്നു. സിനിമയുടെ വലിയ പരാജയത്തിലേക്ക് ഇത് നയിക്കുകയും ചെയ്തു. ഇക്കാര്യം നിര്‍മാതാക്കള്‍ക്കിടയില്‍ വലിയ ചർച്ചയായി.
തിയറ്ററുകള്‍ക്കുള്ളില്‍ വന്ന് യുട്യൂബേഴ്സും മറ്റും റിവ്യൂ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് തിയറ്റര്‍ ഉടമകള്‍ക്ക് നിര്‍മാതാക്കളുടെ സംഘടന കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടയില്‍ ഹര്‍ജിയുമായി നിര്‍മാതാക്കള്‍ എത്തിയിരിക്കുന്നത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.