കാസർകോട്ടെ ഏറെ പ്രധാനപ്പെട്ട ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. കാസർകോട് പട്ടണത്തിന് തെക്ക് കിഴക്കായാണ് ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയുടെ സമീപത്തു കൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴ പുരാതനകാലത്ത് കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിരായിരുന്നു. കോലത്തുനാടിനു കീഴിലായിരുന്ന ചന്ദ്രഗിരി വിജയനഗര വാഴ്‌ച്ചക്കാലത്ത് അവരുടെ പ്രതാപത്തിനു കീഴിലായി മാറി. വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചതോടെ ബേഡന്നൂര്‍ നായ്‌ക്കന്മാരുടെ കീഴിലായി ചന്ദ്രഗിരി. 17ാം നൂറ്റാണ്ടില്‍ ബേഡന്നൂര്‍ രാജവംശത്തിലെ ശിവപ്പ നായിക്കാണ് ചന്ദ്രഗിരിക്കോട്ടയുടെ നിര്‍മ്മാണത്തിനു നേതൃത്വം കൊടുത്തത് എന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിക്കപ്പെട്ട ചന്ദ്രഗിരി പ്രദേശത്തിന് ചുറ്റും നിരവധി കോട്ടകൾ പുതുക്കി പണിത് ശിവപ്പ നായക് തന്റെ സാമ്രാജ്യം സുരക്ഷിതമാക്കി. പയസ്വിനി നദി അറബിക്കടലിൽ ചേരുന്ന അഴിമുഖത്ത് കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാൻ കഴിയും. കോട്ടയ്ക്ക് സമീപമായി പുരാതനമായ കിഴുർ ശാസ്താ ക്ഷേത്രവും മോസ്കും സ്ഥിതി ചെയ്യുന്നു. അർധവൃത്തത്തിലുള്ള എടുപ്പുകൾക്കും ചതുരത്തിലുള്ള മതിലുകൾക്കും മുകളിലൂടെ വിശാലമായ ഭൂഭാഗം കാണാൻ കഴിയും. പീരങ്കിയുണ്ടകള്‍ പതിഞ്ഞ പാടുകള്‍ മായാത്ത ചുവരുകളുളള കോട്ടയുടെ സംരക്ഷണ ചുമതല ഇന്ന് കേന്ദ്ര പുരാവസ്‌തു വകുപ്പിനാണ്.
ഈ ചരിത്ര സ്മാരകത്തിലേക്ക് അധികം സഞ്ചാരികൾ ഒന്നും എത്തിയിട്ടില്ല. കടലിലേലുക്കുള്ള പരന്നുകിടക്കുന്ന കാഴ്ചയാണ് കോട്ടയുടെ ആകർഷണം. ചന്ദ്രഗിരിപ്പുഴ അഴിമുഖം തേടുന്നതും ചെറുവഞ്ചികൾ ഓളപ്പരപ്പിൽ നീങ്ങുന്നതും കോട്ടമുകളിൽനിന്നുള്ള മനോഹരക്കാഴ്ചകളാണ്. തൊട്ടടുത്തുളള ദ്വീപുകളിലേക്ക് ഇവിടെനിന്ന് ബോട്ട് സര്‍വീസുണ്ട്. കൂടാതെ സ്‌പീഡ് ബോട്ട്, ഹോസ്‌ബോട്ട് സവാരികള്‍, ദ്വീപുകളില്‍ ക്യാമ്പിങ്ങ്, വനയാത്രകള്‍ എന്നിവയും ഇവിടെ നിന്ന് സംഘടിപ്പിക്കാറുണ്ട്. ബേക്കൽ കോട്ടയോളം പേരും പെരുമയും വലിപ്പവും ഇല്ലെങ്കിലും കണ്ടിരിക്കേണ്ട ഒരു ചരിത്ര സ്മാരകം തന്നെയാണ് ചന്ദ്രഗിരി കോട്ടയും. നിരവധി വിദേശികൾ സന്ദർശനത്തിനായി ഇവടെ എത്താറുണ്ട്. കാസർകോടെത്തി അവിടെ നിന്ന് കാഞ്ഞങ്ങാട് തീരദേശ പാതയിൽ മേൽപറമ്പിൽ നിന്ന് അരകിലോമീറ്റർ ദൂരം താണ്ടിയാൽ ചന്ദ്രഗിരി കോട്ടയിലെത്താം.