കാലുകളിലോ പാദങ്ങളിലോ കണങ്കാലുകളിലോ ചർമ്മത്തിന് താഴെയായി ഞെരമ്പുകൾ കെട്ടുപിണഞ്ഞ് കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ൻ. ചിലരിലെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ ഇത് ദീർഘനാൾ നീണ്ടു നിൽക്കുകയും മറ്റ് ചിലരിൽ ഇത് സാവധാനം വലുതാവുകയും ചെയ്യും. രക്തപ്രവാഹം തടസപ്പെട്ട് കാലുകളില്‍ നിന്നും രക്തം തിരിച്ചു ഹൃദയത്തിലേയ്ക്ക് പ്രവഹിയ്ക്കാത്ത അവസ്ഥയാണിത്. ഇത് ഞരമ്പുകള്‍ തടിച്ചു പുറത്തേയ്ക്കു കാണാന്‍ ഇടയാക്കുകയും ചെയ്യും. രക്തത്തിലെ സര്‍കുലേഷനുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിന് അടിസ്ഥാനപരമായ കാരണമാകുന്നത്. വെരിക്കോസ് വെയിനുമായി ആശുപത്രികളിൽ ചികിത്സ തേടുന്നത് പലപ്പോഴും സ്ത്രീകളാണ്. സ്ത്രീഹോര്‍മോണുകളും ഗര്‍ഭാവസ്ഥയുമാണ് കാരണം. കൂടാതെ മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്ന ആളുകള്‍, പുകവലിക്കാര്‍, സ്ഥിരമായി മലബന്ധം അനുഭവപ്പെടുന്നവര്‍ എന്നിവരിലും വെരിക്കോസ് വെയ്ൻ കാണാം.
സ്ത്രീകളിൽ ഏതാണ്ട് 60 ശതമാനം പേരിലും വെരിക്കോസ് വെയ്ൻ വന്നേക്കാം. പ്രത്യേകിച്ചും ഗർഭകാലഘട്ടത്തിലാണ് ഇതിനുള്ള സാധ്യത കൂടപുതലുള്ളത്. പ്രഗ്‌നൻസി ഹോർമോണായ പ്രൊജസ്ട്രോൺ സിരകളെ കൂടുതലായി വികസിപ്പിക്കുന്നതാണ് ഒരു കാരണം. സിരകൾ വികസിക്കുമ്പോൾ സിരാവാൽവുകളുട അടവ് അകലും. മാത്രമല്ല ഗർഭിണികളിലെ വലുപ്പമേറുന്ന ഗർഭപാത്രം കാലുകളിൽ നിന്നും മുകളിലേക്കു വരുന്ന സിരാഭാഗങ്ങളിൽ ചെലുത്തുന്ന സമ്മർദവും വെരിക്കോസ് വെയ്ൻ ഉണ്ടാക്കും. ഗർഭകാല വെരിക്കോസ് വെയ്ൻ പ്രസവം കഴിഞ്ഞ് ഒന്നര വർഷത്തിനുള്ളിൽ തനിയേ അപ്രത്യക്ഷമാകും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പതിവായി നടക്കുകയും ഗർഭകാലഘട്ടത്തിൽ മറ്റ് വ്യായാമങ്ങൾ ശീലിക്കുകയും ചെയ്യുന്നവരിൽ ഈ വെരിക്കോസ് പ്രശ്നങ്ങളെ പ്രതിരോേധിക്കാം. സാധാരണനിലയിൽ വെരിക്കോസ് സിരകൾ തെളിഞ്ഞുകാണുന്നതുകൊണ്ടുമാത്രം ചികിത്സയുട ആവശ്യമില്ല. എന്നാൽ ചിലരെങ്കിലും സൗന്ദര്യപരമായ കാരണങ്ങൾ കൊണ്ട് ചികിത്സ തേടാറുണ്ട്. ചില ഘട്ടങ്ങളിൽ ഗുരുതരമല്ലെങ്കിലും ചെറുതല്ലാത്ത ഒരു വിഭാഗം ആളുകളിൽ, കാൽ വേദന, തൊലിയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ, വൃണങ്ങൾ എന്നിവ ഉണ്ടാവാം. എപ്പോഴും വേദന, കാലിലെ തൊലി കറുത്ത്, കട്ടിയായി വരിക, മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാല താമസം വരിക, വൃണങ്ങൾ ഉണ്ടാവുക, അവ വലുതായി ഉണങ്ങാത്ത സ്ഥിര മുറിവുകൾ ആവുക എന്നീ പ്രശ്നങ്ങളാണ് സാധാരണ കാണപ്പെടുക. ചിലപ്പോൾ ഇവ പൊട്ടി രക്ത സ്രാവവും ഉണ്ടാവാം. വെരിക്കോസ് വെയിനിന് ഒപ്പം കാലുകളിൽ നീരു കൂടി കാണുന്ന അവസ്ഥയുണ്ടെങ്കിൽ തീർച്ചയായും ആരോഗ്യവിദഗ്ധരുടെ സഹായം തേടേണ്ടതാണ്.