ഏറ്റവും കൂടുതല്‍ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി കുപ്പി വെള്ളത്തെയും പ്രഖ്യാപിച്ച് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). പാക്കേജുചെയ്ത മിനറൽ വാട്ടറുകൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ നിന്ന് സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നിർബന്ധിത വ്യവസ്ഥ ഒഴിവാക്കാനുള്ള സർക്കാർ ഒക്ടോബറിലെ തീരുമാനത്തെ തുടർന്നാണിത്. ഭക്ഷ്യ സുരക്ഷയെയും പൊതുജനാരോഗ്യവും ശുചിത്വത്തെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് അതോറിറ്റിയുടെ ഈ നീക്കം. മോശം പാക്കേജിങ്, മോശം സ്‌റ്റോറേജിങ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവയെയാണ് ഹൈ റിസ്‌ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇവയെ കൂടാതെ പാൽ ഉൽപ്പന്നങ്ങൾ, മത്സ്യം, മുറിച്ചു വെച്ച പച്ചക്കറികൾ എന്നിവയെയും ഹൈറിസ്‌ക്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉത്പ്പന്നങ്ങള്‍ എല്ലാം തന്നെ ചില സുരക്ഷ പരിശോധനങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. ഇതിന് പുറമെ ഇത്തരം ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ എഫ്എസ്എസ്എഐയുടെ കീഴിലുള്ള ഏതെങ്കിലും തേര്‍ഡ് പാര്‍ട്ടി ഫുഡ് ഓഡിറ്റിങ് കമ്പനിയില്‍ നിന്ന് വര്‍ഷാവര്‍ഷം ഓഡിറ്റിങ് നടത്തേണ്ടതുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മിനറല്‍ വാട്ടറുകളടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനുമാണ് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.