ഉണ്ണിയപ്പം ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. എന്നാൽ കൃത്യമായ അളവിൽ അല്ലാതെ ഉണ്ടാക്കിയാൽ ഉണ്ണിയപ്പത്തിന്റെ രുചി തന്നെ മാറിപ്പോകും. അളവെല്ലാം കൃത്യമായാലോ ഉണ്ടാക്കി രണ്ട് ദിവസത്തിനുള്ളിൽ കേടുവന്നു പോകുന്നു എന്നതാണ് മറ്റൊരു പ്രശ്നം. കൃത്യമായ അളവിൽ കേടുവന്നു പോകാതെ ഒരാഴ്ചയോളം ഇരിക്കുന്ന ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ശർക്കര – 300 ഗ്രാം
വറുത്ത അരിപൊടി – 1 1/2 കപ്പ്
മൈദ – 60 ഗ്രാം
ഗോതമ്പ് പൊടി – 60 ഗ്രാം
റവ – 30 ഗ്രാം
പഴം വരട്ട് – 250 ഗ്രാം
തയ്യാറാക്കേണ്ട രീതി
ശർക്കര എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടെ ചേർത്ത് ഉരുക്കാനായി അടുപ്പിലേക്ക് മാറ്റാം. ശർക്കര ഉരുകി വരുമ്പോഴേക്കും ഒരു പാത്രമെടുത്ത് അതിലേക്ക് വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കണം. ശേഷം അരിപ്പൊടി ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി അരിച്ചെടുക്കണം. തയ്യാറാക്കിയ ശർക്കര പാനി അരിപ്പൊടിയിലേക്ക് ചൂടോട് കൂടെ ഒഴിച്ച് കൊടുക്കണം. ശേഷം ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം. ഇതേ മിക്സിലേക്ക് മൈദ പൊടിയും അളവിൽ ഗോതമ്പ് പൊടിയും റവയും ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടെ ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കാം. നേരത്തെ തന്നെ തയ്യാറാക്കി വെച്ച പഴം വരട്ട് ചേർത്ത് കൊടുക്കാം. ശേഷം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ഈ മാവ് കട്ടിയായി വരുകയാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്തെടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പും പഞ്ചസാരയും ഏലക്ക പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. എള്ളും ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കാം. അങ്ങനെ നമ്മുടെ ഉണ്ണിയപ്പത്തിന്റെ മാവ് റെഡി ആയിട്ടുണ്ട്. അടുത്തതായി ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ മാവ് ഒഴിച്ച് കൊടുത്ത് ഉണ്ണിയപ്പം ചുട്ടെടുക്കാം. പഴം ചേർക്കുന്നുണ്ടെങ്കിലും ഇങ്ങനെ തയ്യാറാക്കുന്ന ഉണ്ണിയപ്പം ഒരാഴ്ചയോളം കേടാകാതെ ഇരിക്കും.