നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതാണ് ഇലക്കറികൾ. എന്നാൽ പൊതുവേ ചിലർക്കെങ്കിലും ഈ ഇലക്കറികൾ അപ്രിയമാണ്. ശരിയായ രീതിയിൽ ഉണ്ടാക്കായാൽ സ്വാദോടെ വീണ്ടും വീണ്ടും നമ്മൾ ഇലക്കറികൾ വാങ്ങി കഴിക്കും. നിറം മാറാതെ കുഴഞ്ഞുപോകാതെ എങ്ങനെയാണ് ചീരത്തോരൻ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ചീര (ചുവപ്പ്) 2 കെട്ട്
തേങ്ങ ചിരകിയത് അര മുറി
മഞ്ഞൾപൊടി കാൽ ടീസ്പൂണ്‍
ജീരകം ഒരു നുള്ള്
വറ്റൽമുളക് 5 എണ്ണം
വെളിച്ചെണ്ണ ആവശ്യത്തിന്
കടുക് ഒരു ടേബിൾ സ്പൂൺ
ഉള്ളി 4 എണ്ണം
തയ്യാറാക്കേണ്ട രീതി
കഴുകിയെടുത്ത ചീര തണ്ടും ഇലയും വെവ്വേറെ ചെറുതായി അരിഞ്ഞെടുക്കുക. ശേഷം അടിവശം പരന്ന ഒരു ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. അതിൽ ഉള്ളി അരിഞ്ഞതും രണ്ട് വറ്റൽ മുളക് മുറിച്ചതും ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് ചീരത്തണ്ട് അരിഞ്ഞതു കൂടി ചേർത്തു വഴറ്റണം. ശേഷം തേങ്ങാ ചതച്ചത് ഇട്ട് അതിന്റെ പച്ചമണം മാറും വരെ വഴറ്റുക. അതിൽ ഉപ്പ്, മഞ്ഞൾപൊടി, ജീരകം, ചതച്ച മൂന്ന് വറ്റൽ മുളക് എന്നിവ ചേർത്തശേഷം ചീരയില ഇട്ട് ചെറുതീയിൽ അൽപസമയം വെളളം ചേർക്കാതെ വേവിക്കുക. വെന്തു കഴിഞ്ഞാൽ തീ കൂട്ടിവച്ച് തോർത്തിയെടുത്ത് ഉപയോഗിക്കാം.