കിഴങ്ങുവർഗത്തിൽ പെട്ട ഏറെ രുചികരമായ നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണ് മധുരക്കിഴങ്ങ്. പേരുപോലെ തന്നെ നല്ല മധുരം ഉണ്ട് ഇതിന്. എന്നാൽ മധുരമുള്ളതു കൊണ്ട് ഇത് പ്രമേഹമുണ്ടാക്കുമെന്ന ധാരണ വേണ്ട. ശരീരത്തിലെ ഗ്ലൈസമിക് ഇൻഡെക്സ് കുറയ്ക്കുകയും പ്രമേഹത്തെ ചെറുക്കുകയും ചെയ്യുന്നതാണ് മധുരക്കിഴങ്ങിന്റെ ധർമ്മം. കൂടാതെ ഇതിൽ വൈറ്റമിൻ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ഹൃദയാഘാതം ചെറുക്കാൻ കഴിയും. അയേൺ ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് രക്തമുണ്ടാകാൻ മധുരക്കിഴങ്ങ് നല്ലതാണ്. വൈറ്റമിൻ സിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മധുരക്കിഴങ്ങ്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്തും. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ശരീരത്തിന് പ്രതിരോധശേഷി നൽകി രോഗസാധ്യത കുറയ്ക്കും. ബീറ്റ കരോട്ടിന് ശരീരത്തിൽ ചുളിവുകൾ വീഴുന്നതിന് ചെറുക്കാൻ കഴിയും. ഇതിലെ കരാറ്റനോയ്ഡുകൾ കണ്ണിന്റെ കാഴ്ചയെ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ച പ്രശ്നങ്ങൾക്കും മധുരക്കിഴങ്ങ് ഉത്തമമാണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്നങ്ങൾക്കും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ്.
കലോറിയുടെ അളവ് കുറവായതുകൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. നൂറ് ഗ്രാം മധുരക്കിഴങ്ങിൽ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇവ ശരീരഭാരം നിയന്ത്രിക്കാൻ ഗുണം ചെയ്യും. ഇത്രയും ഗുണങ്ങൾ ഉണ്ട് എന്ന് കരുതി ഒരുപാട് മധുരക്കിഴങ്ങ് കഴിക്കുന്നതും ദോഷം ചെയ്യും മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.