നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയവരാണ് മാളവിക കൃഷ്ണ ദാസും തേജസ് ജ്യോതിയും. ഇരുവരുടെയും വിവാഹവാർത്ത ആരാധകർക്ക് സർപ്രൈസ് ആയിരുന്നു. ഒരു മാസം മുമ്പാണ് മാളവിക കൃഷ്ണദാസിനും തേജസ് ജ്യോതിക്കും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നത്. ഗർഭകാല വിശേഷങ്ങൾ കൃത്യമായി ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന താരദമ്പതികൾ കുഞ്ഞിന്റെ ചിത്രവും പങ്കുവെച്ചിരുന്നു. നവംബറിലായിരുന്നു ഇരുവർക്കും കുഞ്ഞ് പിറന്നത്. ഇപ്പോൾ മകളുടെ പേരിടൽ- നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരിക്കുകയാണ് മാളവിക. ഋത്വി തേജസ് എന്നാണ് മാളവികയും തേജസും മകൾക്ക് പേരു നൽകിയിരിക്കുന്നത്. വീട്ടിൽ മകളെ ഗുൽസു എന്നു വിളിക്കുമെന്നും മാളവിക പറയുന്നു. ഡെലിവറി വീഡിയോയ്ക്കുശേഷം മറ്റ് വീഡിയോയകളൊന്നും മാളവിക പങ്കുവെച്ചിരുന്നില്ല. പ്രസവാനന്തരശുശ്രൂഷയും കുഞ്ഞിന്റെ പരിപാലനവുമെല്ലാമായി താരം തിരക്കിലായിരുന്നു. സോഷ്യൽമീഡിയയിൽ വളരെ വിരളമായാണ് പോസ്റ്റുകളും സ്റ്റോറികളും എല്ലാം പങ്കുവെച്ചിരുന്നത്. ഇപ്പോൾ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കുഞ്ഞ് മാലാഖയുടെ ചിത്രം പങ്കുവെക്കുന്നത്. ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണെന്നും എങ്കിലും അത് ആസ്വദിക്കുകയാണെന്നും ഇരുവരും പറയുന്നു. ഒമ്പത് മാസം കറക്കമായിരുന്നു. പ്രസവത്തിന്റെ തലേദിവസംവരെ യാത്രയായിരുന്നു. അതുക്കൊണ്ടാണോയെന്നറിയില്ല കാറിൽ കറങ്ങാൻക്കൊണ്ടുപോകുന്നതാണ് മകൾക്കിഷ്ടമെന്നും മാളവികയും തേജസ്സും പറഞ്ഞു.
ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ. പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ തുടങ്ങിയ ഷോകളിലും മാളവിക പങ്കെടുത്തു. നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മാളവികയുടെ സഹ മത്സരാർത്ഥിയായിരുന്നു തേജസ് ജ്യോതി. ഈ റിയാലിറ്റി ഷോയിൽ വച്ചാണ് മാളവികയും തേജസും പരിചയപ്പെടുന്നത്. തുടർന്ന് ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തട്ടിൻപുറത്ത് അച്ചുതൻ’ എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു. മർച്ചന്റ് നേവി ഉദ്യോഗസ്‌ഥനായി ജോലി ചെയ്യുകയാണ് തേജസ് ഇപ്പോള്‍.