ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് കോളേജില്‍ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ നേതാവിന് ബിഎസ്.സി ബിരുദകോഴ്‌സിന്റെ അഞ്ചും ആറും സെമസ്റ്ററില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കാനും പരീക്ഷ എഴുതാന്‍ അനുവദിക്കാനും എം.ജി വൈസ് ചാന്‍സലറുടെ ഉത്തരവ്. സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കോളേജില്‍ നിന്നും പുറത്താക്കിയ SFI നേതാവിനെ പരീക്ഷ എഴുതിക്കാനുള്ള എംജി സര്‍വകലാശാലയുടെ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോളേജ് മാനേജ്‌മെന്റും, സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
അഞ്ചാം സെമസ്റ്ററില്‍ ആറു ദിവസം മാത്രം കോളേജില്‍ ഹാജരാവുകയും ആറാം സെമസ്റ്റര്‍ പൂര്‍ണമായും ഹാജരാതിരിക്കുകയും കോളേജില്‍ നിന്നും നിര്‍ബന്ധ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പുറത്താക്കുകയും ചെയ്തിരുന്നു. സര്‍വ്വകലാശാല റെഗുലേഷന്‍ പ്രകാരം വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാനാവില്ലെന്ന് യൂണിവേഴ്‌സിറ്റിയെ അറിയിച്ച പ്രിന്‍സിപ്പലിന്റെ നിയമന അംഗീകാരം പിന്‍വലിക്കുമെന്ന് രജിസ്ട്രാറുടെ ഭീഷണി കത്തും വന്നിരുന്നു. പ്രിന്‍സിപ്പലിന്റെ നിയമന അംഗീകാരം പിന്‍വലിക്കുമെന്ന് കാണിച്ചുള്ള കത്ത് കോളേജ് മാനേജര്‍ക്കും യൂണിവേഴ്‌സിറ്റി കൈമാറി.
കോളേജില്‍ ഹാജരാകാത്ത SFI നേതാവ് പി.എം. ആര്‍ഷോയ്ക്ക് ഹാജര്‍ നല്‍കി PG യ്ക്ക് ക്ലാസ്സ് കയറ്റം നല്‍കിയ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ വിസമ്മതിച്ച എം.ജി സര്‍വകലാശാല വി.സി തന്നെയാണ് ഇപ്പോള്‍ എടത്വാ സെന്റ് അലോഷ്യസ് കോളേജില്‍ നിന്നും പുറത്താക്കിയ എസ്.എഫ്.ഐ നേതാവിന് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയത്. സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥിയായ ശ്രീജിത്ത് സുഭാഷിനെയാണ് ഗുരുതരമായ സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ 2023 ഒക്ടോബറില്‍ നിര്‍ബന്ധിത ടി.സി നല്‍കി കോളേജില്‍ നിന്ന് പുറത്താക്കിയത്.
എന്നാല്‍ സി.ബി.എസ്.ഇ പരീക്ഷയുടെ വെരിഫിക്കേഷന്‍ പോര്‍ട്ടലില്‍ എം.ജി സര്‍വകലാശാലപരീക്ഷ കണ്‍ട്രോളര്‍ പുറത്താക്കിയ എസ്.എഫ്.ഐ നേതാവിന്റെ പേരുകൂടി ഉള്‍പ്പെടുത്തിയത് കൊണ്ട് കോളേജിലെ റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ അപ്ലോഡ്‌ചെയ്യാന്‍ കഴിയുന്നില്ല. യൂണിവേഴ്‌സിറ്റി തയ്യാറാക്കുന്ന പോര്‍ട്ടലില്‍ പേര് ഉള്‍പ്പെടുത്തുന്നതോടെ നേതാവിന് പരീക്ഷ എഴുതാനാവും. ഇത് ക്രമ വിരുദ്ധമെന്നാണ് സോവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പറയുന്നത്.
CONTENT HIGHLIGHTS;MG VC orders SFI leader expelled from college to write exam: Action against Edatwa College principal; Petition to governor to withdraw order of VC