Movie Reviews

പുഷ്പ 3 : വില്ലനായി എത്തുന്നത് വിജയ് ദേവരകൊണ്ടയോ? അബദ്ധത്തില്‍ റസൂല്‍ പൂക്കുട്ടി പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

പുഷ്പ മൂന്നാം ഭാ​ഗമുണ്ടാകുമെന്ന വിവരം ഏറെ ആവേശത്തോടെയാണിപ്പോൾ ആരാധകരും സിനിമാ പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുഷ്പ 3 യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടിയാണ് പുഷ്പ 2 നായി സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് മിക്സിങ്ങിന്റെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ആ പോസ്റ്റിലെ ചിത്രത്തിന്റെ പുറകിൽ ‘പുഷ്പ 3 ദ് റാംപേജ്’ എന്ന് എഴുതിയിരിക്കുന്നത് കാണാം. അബദ്ധത്തിൽ പങ്കുവെച്ച ഈ ചിത്രം അദ്ദേഹം ഉടനെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം പുഷ്പ 3യിൽ വിജയ് ദേവരകൊണ്ടയാകും വില്ലനായെത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022 ൽ വിജയ് ദേവരകൊണ്ട പുഷ്പ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു.

2022 ൽ സുകുമാറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിലാണ് നടൻ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. ഈ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നടൻ പുഷ്പ 3 യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്. അതേസമയം പുഷ്പ 3 യേക്കുറിച്ച് സംവിധായകൻ സുകുമാറും കഴിഞ്ഞ ദിവസം പ്രീ റിലീസ് ചടങ്ങിൽ പങ്കുവച്ചിരുന്നു.

“പുഷ്പ 3 യെ കുറിച്ച് എനിക്ക് പറയാൻ ആഗ്രഹമുണ്ട്. പുഷ്പ 2 ന് വേണ്ടി നിങ്ങളുടെ ഹീറോയെ ഞാനൊരുപാട് ബുദ്ധിമുട്ടിച്ചു. അദ്ദേഹമെനിക്ക് ഒരു മൂന്ന് വർഷം കൂടി തരുമെങ്കിൽ, ഞാൻ അത് ചെയ്യും.”- എന്നാണ് സുകുമാർ പറഞ്ഞത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിക്കുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.