സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ എഴുതിതള്ളി. കെ.എസ്.ഇ.ബി സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നല്‍കിയതിന്റെ ഭാഗമായാണ് പൊതു മേഖലാ സ്ഥാപന കുടിശ്ശിക ഒഴിവാക്കിയത്. ദീര്‍ഘകാലം വൈദ്യുതി ബില്‍ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായത്.
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ആട്ടോകാസ്റ്റ് ലിമിറ്റഡ് – 113.08 കോടി, ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ – 53.69 കോടി, കേരളാ സിറാമിക്‌സ് -44 കോടി, തൃശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ – 12. 86 കോടി, മലപ്പുറം സഹകരണ സ്പിന്നിംഗ് മില്‍-12.71 കോടി, പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍-7 കോടി, ആലപ്പുഴ സഹകരണ സ്പിന്നിങ്ങില്‍ 6.35 കോടി, കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ 5.61 കോടി, മാല്‍ക്കോടെക്‌സ് – 3.75 കോടി, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ – 3.49 കോടി, കൊല്ലം സഹകരണ സ്പിന്നിംഗ് മില്‍ – 2.61 കോടി, സീതാറാം ടെക്‌സ്‌റ്റൈല്‍സ്- 2.1 1 കോടി, ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് -1.6 4 കോടി, കേരള സോപ്പ്‌സ് ലിമിറ്റഡ് -1.33 കോടി, കെ. കരുണാകരന്‍ മെമ്മോറിയല്‍ സഹകരണ സ്പിന്നിംഗ് മില്‍ 97 ലക്ഷം, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് – 39 ലക്ഷം, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ – 34 ലക്ഷം, കെല്‍ – ഇ.എം. എല്‍ 27 ലക്ഷം എന്നിങ്ങനെയാണ് കുടിശ്ശിക എഴുതിത്തള്ളിയത്.
യഥാസമയം ബില്‍ അടക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പൊതു മേഖലാ സ്ഥാപനങ്ങളെ ബാധിച്ചിരുന്നു. കുടിശ്ശിക ഒഴിവായതോടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയും. ചരിത്രത്തിലാദ്യമായാണ് പൊതു മേഖലയുടെ ഇത്രയും വലിയ തുക കുടിശ്ശിക എഴുതിത്തള്ളുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
CONTENT HIGHLIGHTS; The state government has written off Rs 272.2 crore of electricity dues of public sector institutions