വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി പൂര്‍ത്തീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍. അഞ്ചു മാസം നീണ്ട ട്രയല്‍ റണ്‍ ഘട്ടത്തില്‍ തന്നെ വിഴിഞ്ഞം ലോകത്തിനു മുന്നില്‍ കരുത്തു തെളിയിച്ചു കഴിഞ്ഞു. ട്രയല്‍ റണ്‍ അവസാനിച്ചതിനെത്തടുര്‍ന്ന് ഇനി ഓപ്പറേഷണല്‍ ഘട്ടത്തിന് തുടക്കമാകും. അതിനുശേഷം തുറമുഖത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് ഉടന്‍ ഉണ്ടാകും.
ട്രയില്‍ റണ്ണിന്റെ ഭാഗമായി അള്‍ട്രാ ലാര്‍ജ് മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ 70 ചരക്ക് കപ്പലുകള്‍ എത്തുകയും 1.47 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സിപോര്‍ട്ട് ലിമിറ്റഡ്, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചു.
ഒന്നാം ഘട്ട നിര്‍മാണവും ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതിന്റെ പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ കൈമാറും. തുറമുഖത്തിന്റെ പ്രവര്‍ത്തനം കേരളത്തിന്റെ അന്താരാഷ്ട്ര വ്യാപാരത്തില്‍ ഗണ്യമായ മാറ്റത്തിന് വഴി തുറക്കും. ഈ നേട്ടം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും കുതിപ്പു പകരും.