ജീരകം അടുക്കളയില്‍ ഉപയോഗിക്കുന്ന ഏറെ ഔഷധ ഗുണമുള്ള ഒരു വസ്തുവാണ്. ഭക്ഷണത്തില്‍ ജീരകം ഉള്‍പ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ക്ക് പ്രയോജനപ്പെടും. ലോകമെമ്പാടുമുള്ള പല വിഭവങ്ങളിലും ജീരകം ഒരു സാധാരണ ഘടകമാണ്. ഇത് സ്വാദ് അടക്കം വര്‍ധിപ്പിക്കും. ഭക്ഷണത്തില്‍ ജീരം ഉള്‍പ്പെടുത്തുന്നത് മിക്കവര്‍ക്കും സുരക്ഷിതമായിരിക്കും. എന്നാല്‍ ചില ആളുകള്‍ക്ക് ജീരകത്തോട് അലര്‍ജിയുണ്ടാകാം. ഇത്തരക്കാര്‍ക്ക് ജീരകത്തിന്റെ സത്ത് കഴിച്ച ശേഷം ഓക്കാനം, തലകറക്കം, വയറുവേദന എന്നിവ അനുഭവപ്പെടാറുണ്ട്. അത്തരക്കാര്‍ ജീരകം ഒഴിവാക്കുന്നതാണ് നല്ലത്.
വയറും തടിയുമടക്കം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജീരകം സഹായകമാകും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ എട്ട് ആഴ്ചക്കുള്ളിലാണ് ഫലം ലഭിച്ചത്. അമിതഭാരവും പൊണ്ണത്തടിയും ഉള്ളവര്‍ മൂന്ന് മാസത്തേക്ക് ദിവസവും മുന്ന് ഗ്രാം ജീരകപ്പൊടി തൈരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അരക്കെട്ടിലേതടക്കം ശരീരത്തിലെ കൊഴുപ്പിലും ശരീരഭാരത്തിലും ഗണ്യമായ കുറവുണ്ടാകുമെന്നാണ് പഠനങ്ങള്‍. രാത്രി ജീരകം വെള്ളത്തില്‍ ഇട്ട് വെക്കുക. രാവിലെ വെള്ളത്തിന്റെ നിറം മഞ്ഞയാകുന്നത് വരെ തിളപ്പിച്ച് കുടിക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും.
അമിതഭാരവും പൊണ്ണത്തടിയും ഉള്ള സ്ത്രീകള്‍ പ്രതിദിനം 3 ഗ്രാം ജീരകപ്പൊടി കഴിക്കുന്നത് മൊത്തം കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നി കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീരകപ്പൊടി കഴിക്കുന്നവരില്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ ഉയര്‍ന്ന അളവില്‍ ഉണ്ടാകുന്നുമുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തില്‍ ജീരക എണ്ണയുടെ ഉപയോഗം ബ്ലഡ് ഷുഗര്‍ കുറച്ചതായി കണ്ടെത്തി. എന്നാല്‍, കരീംജീരകം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ സമ്മിശ്ര ഫലമാണ് ലഭിച്ചത്.
ജീരക എണ്ണ ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം ഭേദമാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 4 ആഴ്ചത്തെ ഉപയോഗം വയറുവേദന അടക്കം രോഗത്തിന്റെ പല ലക്ഷണങ്ങളിലും പുരോഗതി കണ്ടെത്തി. മലബന്ധം മാറുകയും വയറിളക്കം ഉണ്ടായിരുന്നവര്‍ക്ക് മലവിസര്‍ജ്ജനം കുറയുകയും ചെയ്തു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്ക് ജീരക വെള്ളവും സഹായകമാകും. മാനസിക സമ്മര്‍ദ്ദത്തെ നേരിടാന്‍ ജീരകത്തിന്റെ ഉപയോഗം ശരീരത്തെ സഹായിക്കുന്നുവെന്നാണ് പറയുന്നത്. ജീരകം ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്ന ഫലങ്ങളെ ചെറുക്കും.