സയ്യദ് മുഖ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ വിജയക്കുതിപ്പിന് അവസാനമിട്ട് ആന്ധ്ര. ആറ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 19-ാം ഓവറില്‍ 87 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര ഏഴോവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച ഫോമില്‍ തുടര്‍ന്ന കേരളത്തിന്റെ ബാറ്റിങ് നിരയ്ക്ക് എല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു സാംസനും രോഹന്‍ കുന്നുമ്മലും കരുതലോടെയായിരുന്നു തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 17ല്‍ നില്‍ക്കെ ഒന്‍പത് റണ്‍സെടുത്ത രോഹന്‍ മടങ്ങി. സഞ്ജുവും ജലജ് സക്‌സേനയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു നീക്കിയെങ്കിലും, കൂട്ടുകെട്ട് അധികം നീണ്ടില്ല. ഏഴ് റണ്‍സെടുത്ത സഞ്ജുവിനെ ശശികാന്ത് പുറത്താക്കിയതോടെ കേരളത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമായി. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീന്‍ ആദ്യ പന്തില്‍ തന്നെ പുറത്തായപ്പോള്‍ സല്‍മാന്‍ നിസാര്‍ മൂന്ന് റണ്‍സെടുത്ത് മടങ്ങി. വിഷ്ണു വിനോദ് ഒരു റണ്ണും വിനോദ് കുമാര്‍ മൂന്ന് റണ്‍സും എടുത്ത് പുറത്തായി. മറുവശത്ത് ഉറച്ച് നിന്ന ജലജ് സക്‌സേന റണ്ണൌട്ടായതോടെ ഏഴ് വിക്കറ്റിന് 55 റണ്‍സെന്ന നിലയിലായിരുന്നു കേരളം. തുടര്‍ന്നെത്തിയ അബ്ദുള്‍ ബാസിദും എം ഡി നിധീഷും നടത്തിയ ചെറുത്തുനില്പാണ് കേരളത്തിന്റെ ഇന്നിങ്‌സ് 87ല്‍ എത്തിച്ചത്. അബ്ദുള്‍ ബാസിദ് 18ഉം നിധീഷ് 14ഉം റണ്‍സെടുത്തു. 22 പന്തില്‍ 27 റണ്‍സെടുത്ത ജലജ് സക്‌സേനയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ആന്ധ്രയ്ക്ക് വേണ്ടി ശശികാന്ത് മൂന്ന് വിക്കറ്റ് വീഴത്തിയപ്പോള്‍ സുദര്‍ശന്‍, രാജു, വിനയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണര്‍ കെ എസ് ഭരതിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ് വിജയം ഒരുക്കിയത്. 33 പന്തില്‍ നിന്ന് 56 റണ്‍സുമായി ഭരത് പുറത്താകാതെ നിന്നു. വിജയത്തോടടുക്കെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മികച്ച രീതിയില്‍ ബാറ്റ് വീശി ആന്ധ്ര ബാറ്റര്‍മാര്‍ വിജയം സ്വന്തമാക്കി. കേരളത്തിന് വേണ്ടി ജലജ് സക്‌സേന മൂന്ന് വിക്കറ്റ് വീഴ്ത്തി.