Travel

ഊട്ടിയിലേക്ക് ഒരു യാത്ര പോയാലോ?

മലയാളികളുടെ എക്കാലത്തെയും ഇഷ്ട ടൂറിസം ലൊക്കേഷനുകളില്‍ ഒന്നാണ് ഊട്ടി. മസിനഗുഡിയില്‍ നിന്നും ഒരു മണിക്കൂര്‍ മാത്രം അകലെയാണ് പ്രശസ്തമായ ഹില്‍ സ്റ്റേഷനായ ഊട്ടി. കൊടും വനത്തിലൂടെ ഏകദേശം 30 കിലോമീറ്റര്‍ യാത്രയാണ് മസിനഗുഡി-ഊട്ടി യാത്ര. വന്‍മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന ഈ പാതയിലൂടെ 36 ഹെയര്‍പിന്‍ കയറിയാല്‍ പിന്നെ ഊട്ടിയാണ്. പ്രത്യേകിച്ച് നമുക്ക് ഊട്ടിയോട് ഒരു ഇഷ്ട കൂടുതല്‍ തോന്നാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇടമായത് കൊണ്ട് കൂടിയാണ്. വയനാട്ടില്‍ നിന്ന് വളരെ അടുത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വയനാട്ടില്‍ എത്തുന്നവര്‍ക്ക് രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തെ യാത്ര കൊണ്ട് എത്തിച്ചേരാവുന്ന ഇടമാണ് ഊട്ടി എന്നതാണ് സവിശേഷത. വയനാട്ടിലെ മേപ്പാടിയില്‍ നിന്ന് ഗൂഡല്ലൂര്‍ വഴി ഊട്ടിയിലേക്ക് 103 കിലോമീറ്റര്‍.

മലയാളികള്‍ എക്കാലത്തും തങ്ങളുടെ സിനിമകളിലൂടെയും അല്ലാതെയും ഊട്ടിയെ കണ്ടറിഞ്ഞവരാണ്. എന്നാല്‍ ഊട്ടിയിലേക്കുള്ള യാത്ര തന്നെ അതി മനോഹരമാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. അതിന്റെ കാരണം കൂടുതല്‍ പേരും അടച്ചിട്ട വണ്ടിയില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ യാത്ര ചെയ്യുന്നു എന്നതാണ്. അങ്ങനെ ഉള്ളപ്പോഴാണ് ഇത്തരം മനോഹര കാഴ്ചകള്‍ നിങ്ങള്‍ വിട്ടുകളയുന്നത്.

എന്നാല്‍ ഇനി വയനാട് വഴിയാണ് നിങ്ങള്‍ ഊട്ടിയിലേക്ക് പോവുന്നതെങ്കില്‍ ഉറപ്പായും പുറം കാഴ്ചകളിലേക്ക് കൂടി ഒന്ന് കണ്ണ് പതിപ്പിക്കണം. മണ്‍സൂണ്‍ ആരംഭിച്ചത് കൊണ്ട് തന്നെ മഴ ഉറപ്പായും ഈ പ്രദേശത്ത് പെയ്യുന്നുണ്ടാവും. അങ്ങനെ ഒരു മഴയില്‍ നിങ്ങള്‍ക്ക് ഊട്ടിയിലേക്കുള്ള പാതയുടെ ഭംഗി എത്രത്തോളം ആണെന്ന് കണ്ടറിയാം.

ഊട്ടിയില്‍ പോകുന്നവര്‍ ഉറപ്പായും മസിനഗുഡിയിലേക്ക് കൂടി ഒന്ന് കയറാന്‍ ശ്രമിച്ചാല്‍ അതൊരു പുത്തന്‍ അനുഭവമാണ്. ഊട്ടിയില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെ നീലഗിരിയിലാണ് മസിനഗുഡി എന്ന ചെറുപട്ടണം സ്ഥിതി ചെയ്യുന്നത്. ചെറിയ റോഡും കുത്തനെയുള്ള കയറ്റങ്ങളും 36 ഹെയര്‍പിന്‍ വളവുകളും ഒക്കെയുള്ളതാണ് മസിനഗുഡി മുതല്‍ ഊട്ടി വരെയുള്ള റോഡ്.

ഊട്ടിയില്‍ എത്തും മുന്‍പ് ഒരു വിശ്രമ കേന്ദ്രം എന്ന നിലയില്‍ മസിനഗുഡിയെ നിങ്ങള്‍ കാണുകയാണെങ്കില്‍ അവിടെ നിങ്ങളെ കാത്ത് ഒട്ടേറെ കാഴ്ചകളുണ്ടാവും, പ്രത്യേകിച്ച് വന്യമൃഗങ്ങളുടെ നീണ്ടനിര. റോഡരികിലൂടെ ഓടുന്ന മാനുകളും അധികം അകലെയല്ലാതെ ആനകളെയും മസിനഗുഡിയില്‍ സുലഭമായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

Tags: travell