മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയും തിലകനും തമ്മില്‍ പിണക്കത്തിലാണെന്ന തരത്തില്‍ മുന്‍പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്.എന്നാല്‍ അവര്‍ തമ്മില്‍ ശത്രുതയോ പ്രശ്‌നമോ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ഷോബി തിലകന്‍.
‘എല്ലാവരും പറയുന്നത് പോലെ അവര്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ല. ശത്രുതയുമില്ല. അതൊക്കെ വേറെ ആളുകള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. അവര്‍ തമ്മില്‍ സൗന്ദര്യ പിണക്കം ഉണ്ട്. അതില്ലാത്ത ആരാണ് ഉള്ളത്. സ്‌നേഹം ഉള്ളിടത്തെ പിണക്കം ഉണ്ടാകൂ. ഞാന്‍ മനസിലാക്കുന്നത് മമ്മൂക്കയും അച്ഛനും തമ്മില്‍ വളരെ നല്ല ആത്മബന്ധം ആയിരുന്നു എന്നാണ്. ആ സ്‌നേഹം ഉള്ളത് കൊണ്ടായിരുന്നു അവര്‍ തമ്മില്‍ ഇടയ്ക്ക് വഴക്കുണ്ടായിരുന്നത്’, എന്നാണ് ഷോബി തിലകന്‍ പറഞ്ഞത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അച്ഛന്‍ ആശുപത്രിയില്‍ കിടന്ന സമയത്ത്. മുപ്പത്തിമൂന്ന് ദിവസം കിംസ് ആശുപത്രിയില്‍ കിടന്നിട്ടാണ് അദ്ദേഹം നമ്മളെ വിട്ടുപോയത്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ അച്ഛനെ കാണാന്‍ ഒരുപാട് പേര് വന്നിരുന്നു. അതിലൊന്ന് മമ്മൂക്കയും ദുല്‍ഖറുമാണ്. പക്ഷേ അവര്‍ക്ക് അച്ഛനെ കാണാന്‍ സാധിച്ചില്ല. ഡോക്ടറെ മമ്മൂക്ക കണ്ടു. അദ്ദേഹം അന്ന് ഡോക്ടറോട് പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ഓര്‍മയിലുണ്ട്. ഞങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ്. അതുപോലെ തന്നെ ഞങ്ങള്‍ക്കിങ്ങ് തരണം എന്നാണ് മമ്മൂക്ക പറഞ്ഞത്. ഞാനത് കേട്ടതുമാണ്’, എന്നും ഷോബി പറയുന്നു.