ആലപ്പുഴ കളർകോട് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അപകടത്തിന് നാല് പ്രധാന കാരണങ്ങളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് ആലപ്പുഴ ആര്‍ടിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ കയറിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു, മഴമൂലം റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി, വാഹനം ഓടിച്ചയാള്‍ക്ക് അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയം, 14 വര്‍ഷം പഴക്കമുള്ള വാഹനത്തില്‍ അത്യാധുനിക വാഹനങ്ങളിലുള്ളത് പോലെ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നു. തുടങ്ങിയവയാണ് റിപ്പോർട്ടിലെ കാരണങ്ങളായി ചൂണ്ടിക്കാണിച്ചത്.
സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. സി.സി ടി.വി ദൃശ്യങ്ങളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
STORY HIGHLIGHT: alappuzha accident mvd report