‘വിദ്യാർഥികൾക്കായുള്ള ഫ്രീ ലാപ്ടോപ്പ് വേണമെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ’ എന്ന തരത്തിൽ ഒരു വാട്ട്സാപ്പ് സന്ദേശം നിങ്ങൾക്ക് വന്നിട്ടുണ്ടോ ? എന്നാൽ ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് പണി വാങ്ങേണ്ട. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റേതെന്ന പേരിൽ വിദ്യാർഥികൾക്കായി ഫ്രീ ലാപ് ടോപ്പ് നൽകുന്നു എന്ന വാർത്ത വ്യാജമെന്ന് അറിയിച്ചെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി.
ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം തട്ടിപ്പ് നടത്താനായുള്ള വ്യാജ സന്ദേശം ആണിതെന്നും ഇതിൽ കുടുങ്ങരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വാട്സ് ആപ്പ് സന്ദേശം വഴിയാണ് ജനങ്ങളിലേക്ക് ലിങ്ക് എത്തുന്നതെന്നതും ശ്രദ്ധേയമാണ്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മാതൃ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മന്ത്രിയുടെ കുറിപ്പ് :
വ്യാജ സന്ദേശങ്ങളിൽ കുടുങ്ങരുത്..
എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാധാരണ ജനങ്ങളിലേക്ക് വാട്സ് ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡി ജി പിയ്ക്ക് പരാതി നൽകി.
STORY HIGHLIGHT: free laptop for students the minister said the message was fake