ആറടി ഉയരം, ഒത്തവണ്ണം, ഭാരമാണെങ്കിലോ 108 കിലോയില്‍ അധികം. പറഞ്ഞുവരുന്നത് ആജാനുബാഹുവായ മനുഷ്യനെക്കുറിച്ചൊന്നുമല്ല. നമ്മുടെ കഥാപാത്രം ഒരു ആടാണ്. ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട്. മധ്യേഷ്യയിലെ മലനിരകളിലാണ് ഈ ആട് ഭീമനെ കാണപ്പെടുന്നത്. വലിയ നീളമുള്ള ചുരുണ്ട കൊമ്പുകളും മനുഷ്യനേക്കാള്‍ ആരോഗ്യവും ഉണ്ട് ഇതിന്. പാറകള്‍ നിറഞ്ഞ പര്‍വ്വതങ്ങളിലും പലതരത്തിലുളള വെല്ലുവിളികള്‍ നിറഞ്ഞ ചുറ്റുപാടിലും ജീവിക്കുന്ന ഈ ആടിന് പ്രത്യേകതകള്‍ ഏറെയാണ്.
പാകിസ്ഥാനില്‍ ശക്തിയുടെയും അഭിമാനത്തിന്റെയും പ്രതീകമായിട്ടാണ് മാര്‍ഖോറിനെ കാണുന്നത്. ഈ കാട്ടാടിന്റെ ഏറ്റവും വലിയ പ്രത്യേകത 1.5 മീറ്ററിലധികമാണ് ഇതിന്റെ കൊമ്പിന്റെ നീളം എന്നതാണ്. നീളംമാത്രമല്ല വളഞ്ഞുപുളഞ്ഞതാണ് കൊമ്പിന്റെ ആകൃതി. ഇണ ചേരാനുളള അവകാശം നേടിയെടുക്കാന്‍ അവര്‍ കൊമ്പുകള്‍ കൊണ്ട് യുദ്ധം ചെയ്യുന്നു. പ്രജനന കാലത്ത് ഒരാള്‍ തോല്‍ക്കുന്നതുവരെ രണ്ട് ആണ് ആടുകള്‍ പോരാടും.
ഇന്ത്യ,അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലുടനീളമുള്ള പാറകള്‍ നിറഞ്ഞ പര്‍വ്വതങ്ങളിലാണ് മാര്‍ഖോറിനെ കാണാനാവുക. അതികഠിനമായ തണുപ്പുനിറഞ്ഞ വനങ്ങളിലാണ് ഇവ ജീവിക്കുന്നത്. ഇവയുടെ കട്ടിയുള്ള രോമങ്ങളാണ് കൊടും തണുപ്പില്‍നിന്ന് അവയെ രക്ഷിക്കുന്നത്. ശക്തരായ ഈ ആടുവര്‍ഗ്ഗം ഇപ്പോള്‍ കടുത്ത വംശനാശ ഭീഷണിയുടെ പാതയിലാണ്. നിരന്തരമായ വേട്ടയാടലും വനങ്ങളും മലനിരകളും നശിച്ചുപോകുന്നതുമാണ് ഇവ നേരിടുന്ന ഭീഷണി. ഇവയെ സംരക്ഷിക്കാനായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും അവ അപകടത്തിലാണെന്ന് വേണം പറയാന്‍.
STORY HIGHLLIGHTS: about-malkhor-the-worlds-largest-goat