തിരുവനന്തപുരം: സീരിയലുകൾ ‘എൻഡോസൾഫാനെക്കാൾ വിഷലിപ്ത’മാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ പ്രസ്താവന കയ്യടി നേടാൻ മാത്രമെന്ന് ടെലിവിഷൻ പ്രവർത്തകരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റ് (ആത്മ). സീരിയൽ രംഗത്ത് കുറവുകളുണ്ടെങ്കിൽ അതു തിരുത്തേണ്ട ഉത്തരവാദപ്പെട്ട സ്ഥാനത്താണ് പ്രേംകുമാർ ഇരിക്കുന്നത്. അതു മറന്ന് അഭിനേതാക്കളുടെ അന്നം മുടക്കുന്ന പണിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി.
സെൻസർഷിപ്പിന് വിധേയമാകാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ, വെബ് സീരീസുകൾ, സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ, സ്റ്റേജ് ഷോകളിലെ ശരീര അവഹേളനങ്ങൾ ഇതൊന്നും തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലേ എന്ന് പ്രേംകുമാർ വ്യക്തമാക്കണമെന്നും കത്തിൽ പറയുന്നു. അംഗങ്ങളുടെ വികാരം അറിയിക്കണമെന്ന ആത്മ പ്രസിഡന്റ് കൂടിയായ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണു തുറന്ന കത്ത് പ്രസിദ്ധീകരിച്ചതെന്നും ദിനേശ് പണിക്കർ അറിയിച്ചു.
സീരിയലുകളുടെ പ്രമേയത്തോടാണു ഞാൻ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇതു ഞാൻ 10 വർഷം മുൻപും പറഞ്ഞിട്ടുണ്ട്. ചില സീരിയലുകളും സിനിമകളും സാഹിത്യ കൃതികളും സമൂഹത്തിൽ വികലമായ ധാരണകൾ സൃഷ്ടിക്കുന്നുവെന്നു നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടിക്കറ്റെടുത്തു കാണുന്ന സിനിമ കുട്ടികളെ കാണിക്കണോ എന്നു മാതാപിതാക്കൾക്കു തീരുമാനിക്കാൻ അവസരമുണ്ട്. എന്നാൽ സീരിയലുകളുടെ കാര്യത്തിൽ അതില്ല.
പ്രേംകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ