തിരുവനന്തപുരം: കേരളാ ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ആര്‍. പ്രദീപും പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഉച്ചക്ക് 12.00 മണിക്ക് കേരളാ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക. സ്പീക്കർ എ.എൻ.ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും. ഈ സർക്കാരിന്റെ കാലത്ത് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസ് സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നതിനാൽ ചാണ്ടി ഉമ്മനു സഭയ്ക്കുള്ളിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചു. എന്നാൽ രണ്ടിടത്തും പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ വലിയ പങ്കാളിത്തത്തിനു തടസ്സമുണ്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പ്രദീപിന്റെയും സത്യപ്രതിജ്ഞ നിയമസഭാ മന്ദിരത്തിലെ ഹാളിൽ നടക്കുന്നതിനാൽ കുറെക്കൂടി ആളുകൾക്കു സാക്ഷ്യം വഹിക്കാനാകും. ഇരു മുന്നണിയിൽനിന്നായതിനാൽ രണ്ടിടത്തുനിന്നുമുള്ള നേതാക്കളും പ്രവർത്തകരുമെത്തും.
സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുലിനു സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നു 10നു പാളയം രക്തസാക്ഷി മണ്ഡപത്തിൽ സ്വീകരണം നൽകും. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയെ സന്ദർശിച്ച്, കെപിസിസി ഓഫിസിലുമെത്തിയശേഷമാകും നിയമസഭയിലെത്തുക. സത്യപ്രതിജ്ഞയ്ക്കു ശേഷം സ്വന്തം നാടായ അടൂരിലെത്തുന്ന രാഹുലിന് അവിടെയും സ്വീകരണമൊരുക്കിയിട്ടുണ്ട്. രാവിലെ എകെജി സെന്ററിൽ എത്തിയശേഷമാകും യു.ആർ.പ്രദീപ് നിയമസഭയിലെത്തുക.