തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിജിലൻസ്. അനധികൃത സ്വത്തുസമ്പാദനം അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ആഡംബര വീട് നിർമാണം അടക്കമുള്ളവയുടെ രേഖകൾ അജിത് കുമാർ വിജിലൻസിനു കൈമാറി. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും.
ചില അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പി.വി അൻവർ എംഎൽഎ പിന്നീടു പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനു ഡിജിപി സർക്കാരിന്റെ അനുമതി തേടിയത്.
ആർഎസ്എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം കത്തിനിൽക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും അജിത്കുമാറിനെതിരെ ഉയർന്നത്.