അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമാണ് കുമരകം. കോട്ടയം നഗരല്‍ നിന്നും പടിഞ്ഞാറുഭാഗത്തായി 14 കി.മീ അകലത്തിലുള്ള ഒരു ചെറിയ സുന്ദര ഗ്രാമമാണ് കുമരകം. കണ്ടല്‍ കാടുകളുടെയും മരതകപച്ച വിരിച്ച നെൽപ്പാടങ്ങളുടെയും, കേരനിരകളുടെയും ഇടയിലൂടെയുള്ള മനം മയക്കുന്ന ജലപാതകളാലും, അവയിലെ അലങ്കാരമായ വെള്ള ആമ്പൽപ്പൂക്കളാലും, അവിസ്മരണീയ മായ മനോഹാരിതയുടെ പറുദീസയാണ് കുമരകം.
5166 ഹെക്ടര്‍ വിസ്തീർണ്ണമുള്ള കുമരകം വില്ലേജില്‍ 2418 ഹെക്ടര്‍ കായലും 1500 ഹെക്ടര്‍ നെൽപ്പാടങ്ങളും ബാക്കിയുള്ള 1253 ഹെക്ടര്‍ കരഭൂമിയുമാണുള്ളത്. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്റ്സ് എന്നും അറിയപ്പെടുന്നുണ്ട്. കുമരകത്തെ പ്രധാന ആകർഷണം ഓളപ്പരപ്പിലൂടെയുള്ള ഹൗസ്ബോട്ട് യാത്രതന്നെയാണ്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിന്റെ മനോഹാര്യത ആസ്വദിച്ച് ഒരു യാത്ര. വടക്ക് കൊച്ചി മുതൽ തെക്ക് ആലപ്പുഴ വരെ വ്യാപിച്ച് കിടക്കുന്ന കായലിന്റെ സൗന്ദര്യമാണ് ഈ യാത്രയുടെ ഹൈലൈറ്റ്. ഈ ചെറിയ ജലലോകത്ത് ധാരാളം നാടന്‍ വള്ളങ്ങളും, വഞ്ചികളും, ചെറുതോണികളും കേരളത്തിൻറെ പ്രകൃതിഭംഗിയുടെ മടിത്തട്ടിലേക്ക് നിങ്ങളെ നയിക്കും. ഇവിടെയുള്ള റിസോർട്ടുകളിൽ കായലിന്റെയും കുമരകത്തിന്റെയും ഭംഗി ആസ്വദിച്ചുള്ള സുഖകരമായ താമസ സൗകര്യം ഉണ്ട്. അതിന് പുറമെ വിനോദോപാധികളായ ബോട്ടിംഗ്, മീന്‍ പിടുത്തം, നീന്തല്‍, യോഗ, ധ്യാനം എന്നിവയും ഉണ്ട്.
കുമരകത്തിൻറെ സൗന്ദര്യത്തില്‍ ഏറെ ഇഷ്ടപ്പെട്ട ഹെൻട്രി ബേക്കര്‍ എന്ന ഇംഗ്ലീഷുകാരന് കഴിഞ്ഞ നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും 104 ഏക്കര്‍ ഭൂമി വാങ്ങിക്കുകയുണ്ടായി. തൻറെ താമസത്തിനായി അവിടെ ബംഗ്ലാവും മനോഹരമായ പൂന്തോട്ടവും നിർമിച്ചു. ഈ ബംഗ്ലാവിൻറെ പൗരാണികത അതേപടി നിലനിർത്തിക്കൊണ്ടു തന്നെ ആധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച് താജ് ഗാർഡൻ റിട്രീറ്റ് എന്ന ഹോട്ടല്‍ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ആ കാഴ്ചയും കണ്ടിരിക്കേണ്ടതാണ്.
കുമരകത്തെത്തിയാൽ നാടൻ രുചികൾ ട്രൈ ചെയ്തില്ലെങ്കിൽ അത് വലിയ നഷ്ടമാകും. എരിവും പുളിയും ഒരുമിക്കുന്ന തനിനാടൻ ശൈലിയിൽ വിഭവങ്ങൾ തയാറാക്കുന്ന ഒന്നിലധികം രുചിയിടങ്ങൾ കുമരകത്തേക്കാൾ മികച്ചതായി മറ്റെവിടെയും കാണാൻ കഴിയില്ല. അതിനാൽ ഒരിക്കലെങ്കിലും കുമരകത്തെത്തിയാൽ ഇത് മിസ് ചെയ്യരുത്.
കേരളാ സ്റ്റേറ്റ് ആര്.ടി.സി ബസുകള്‍ക്ക് പുറമെ നിരവധി സ്വകാര്യ ബസുകളും കുമരകത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. ബാംഗ്ളൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി നഗരങ്ങളില്‍ നിന്ന് ഇങ്ങോട് ലക്ഷ്വറി ബസ് സര്‍വീസുകള്‍ ഉണ്ട്. കൊച്ചിയിലോ കോട്ടയത്തോ എത്തിയാൽ കാർ, ബസ് എന്നിവ ഉപയോഗിച്ച് റോഡുമാർഗം കുമരകം എളുപ്പമെത്താം.