കോട്ടയത്തെ മനോഹരമായ ഇടമാണ് കുമരകം. ഇവിടെ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് കുമരകം പക്ഷി സങ്കേതം. രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ പക്ഷി നിരീക്ഷക മേഖലയാണ് ഇവിടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദേശാടനപക്ഷികളുടെ പ്രിയപ്പെട്ട സ്ഥലമാണ് 14 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സങ്കേതം. വേമ്പനാട് തടാകത്തിന്റെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ അപൂര്‍വ്വ ദേശാടന പക്ഷികളെയും തണ്ണീര്‍ത്തടങ്ങളും കാണുന്നതിനുള്ള പ്രദേശമാണ്. ഒരു പക്ഷി നിരീക്ഷകരുടെ പറുദീസയാണിത്. ആയിരക്കണക്കിനു വരുന്ന ദേശാടന പക്ഷികളടക്കമുള്ള ജലപക്ഷികളെ കാണാന്‍ ഇവിടെ സന്ദര്‍ശകർ എത്താറുണ്ട്. ഹിമാലയം മുതല്‍ സൈബീരിയയില്‍ നിന്നു വരെ വരുന്ന ദേശാടന പക്ഷികളെ വരെ ഇവിടെ കാണാം. അലസമായി സുഹൃത്തുക്കൾക്കൊപ്പം കളിപറഞ്ഞ് നടക്കാനും തണൽ കൊണ്ടിരിക്കാനും മികച്ചയിടം കൂടിയാണ് ഇവിടം.
പക്ഷി നിരീക്ഷണത്തിന് മികച്ച സമയം തേടുകയാണെങ്കിൽ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് പക്ഷികളെ കാണാന്‍ ഏറ്റവും നല്ല സമയം. ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, കിന്നരി നീര്‍ക്കാക്ക, അരിവാള്‍ കൊക്കന്‍, പല ഇനങ്ങളിലുള്ള മീന്‍ കൊത്തികള്‍, തണ്ണീര്‍ പക്ഷികള്‍, കുയിലുകള്‍, താറാവുകള്‍, തത്തകള്‍, കുരങ്ങുകള്‍, വാനമ്പാടികള്‍, പ്രാണി പിടിയന്മാര്‍, തുടങ്ങിയവ ഇവിടെ ഉണ്ട്. പ്രാദേശിക പക്ഷിയിനങ്ങളായ നീർക്കാക്ക, കുക്കൂ, നത്ത്, കുളക്കോഴി, മരം കൊത്തി, മഴപ്പുള്ള്, ക്രെയിന്‍, തത്തകള്‍ എന്നിവയും കാണപ്പെടുന്നു. ദേശാടന പക്ഷികളെ കാണുന്നതിന് അനുയോജ്യമായ സ്ഥമയം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുമാണ്. ഏകദേശം 91 സ്പീഷീസിൽപ്പെട്ട പ്രാദേശിക പക്ഷികളെയും 50 സ്പീഷീസിൽപ്പെട്ട ദേശാടന പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. വേമ്പനാട്ട് കായലി ലൂടെയുള്ള നൗകായാത്രയാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം. ഇതിനായുള്ള നൗകകള്‍ ഇവിടെ വാടകയ്ക്ക് ലഭിക്കുന്നു.
കേരളാ സ്റ്റേറ്റ് ആര്‍.ടി.സി ബസുകള്‍ക്ക് പുറമെ നിരവധി സ്വകാര്യ ബസുകളും കുമരകത്തിലൂടെ സര്‍വീസ് നടത്തുന്നുണ്ട്. ബാംഗ്ളൂര്‍, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി നഗരങ്ങളില്‍ നിന്ന് ഇങ്ങോട് ലക്ഷ്വറി ബസ് സര്‍വീസുകള്‍ ഉണ്ട്. കൊച്ചിയിലോ കോട്ടയത്തോ എത്തിയാൽ കാർ, ബസ് എന്നിവ ഉപയോഗിച്ച് റോഡുമാർഗം കുമരകം എളുപ്പമെത്താം.