കാഴ്ചകളുടെ വിരുന്നൊരുക്കുന്ന മനോഹരകേന്ദ്രമാണ് വയനാട്ടിലെ ചെമ്പ്ര മലനിരകൾ. വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര. വർഷങ്ങളായി പ്രാകൃത സ്വഭാവം അതേപടി നിലനിർത്തുന്ന സ്ഥലമാണ് ചെമ്പ്ര മലനിരകൾ. ഹൃദയാകൃതിയിലുള്ള തടാകം, വെള്ളച്ചാട്ടങ്ങൾ, പച്ചപ്പ് എന്നിവയ്‌ക്കൊപ്പം കൊടുമുടിയിലേക്കുള്ള വഴിയിൽ തന്നെ നിരവധി മനോഹരമായ കാഴ്ചകളുണ്ട്. മനം കവരുന്ന പ്രകൃതിയാണ് ചെമ്പ്രയുടെ സവിശേഷത. അപൂർവ സസ്യജാലങ്ങളുടെയും, വന്യജീവികളുടെയും വിഹാര വേദിയാണ് ഇവിടം. ഒരിക്കൽ ഇവിടെയെത്തിയ ഒരു സഞ്ചാരി കുന്നിൻ മുകളിലെ ചെറു കുളത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചതോടെയാണ് ചെമ്പ്ര സഞ്ചാരികളുടെ കണ്ണിൽ ഇടംപിടിക്കുന്നത്. ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ചെമ്പ്ര. മേപ്പാടി പട്ടണത്തിന് അടുത്താണ് ഈ കൊടുമുടി. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമാണ് ചെമ്പ്ര.
സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും പോയിരിക്കേണ്ട ഇടമാണ് ഇവിടം. കൊടുമുടിയുടെ മുകളിലേക്കുള്ള ട്രക്കിംഗ് 3 മണിക്കൂർ എടുക്കും.
തേയിലത്തോട്ടങ്ങളിലൂടെ അൽപനേരം കാൽനടയാത്ര നടത്തിയാൽ വാച്ച് ടവറിലെത്തും, അവിടെ നിന്ന് കുന്നുകൾ ആരംഭിക്കും. പരുക്കൻ പാതയിലൂടെ ചെറിയ മരങ്ങളുള്ള ഇടുങ്ങിയ പാതയി വഴി ഒരാൾക്ക് നടക്കാം. കുന്നുകളുടെ മധ്യഭാഗത്ത് എത്തുമ്പോൾ പരന്ന ഭൂമി നിങ്ങളെ സ്വാഗതം ചെയ്യും. ഹൃദയ സരസ് തടാകത്തിന് പുറമെ മുകളിൽ എത്തിയാൽ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഇവിടെ കാണാം. അപൂർവയിനം പക്ഷികളും സസ്യ ജന്തുജാലങ്ങളും ഇവിടെ കാണാൻ കഴിയും. സ്ഫടികം പോലെ തെളിഞ്ഞ ആകാശം കയ്യെത്തും ദൂരത്ത് കാണാം എന്നതാണ് മറ്റൊരു പ്രത്യേകത.
സാഹസിക നടത്തത്തിന് അനുയോജ്യമായ പ്രദേശമാണ് ചെമ്പ്ര. മുൻകൂർ അനുമതി വാങ്ങണം. ഗൈഡുകൾ നയിക്കുന്ന സാഹസിക നടത്തം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് മേപ്പാടിയിലെത്തിയ ശേഷം ചെമ്പ്രയിലേക്കുള്ള റോഡുമാർഗ്ഗം വേണം, മേപ്പാടിയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ചെമ്പ്ര താഴ്‌വരയിലെത്താൻ. ട്രെക്കിങ്ങിനുള്ള ടിക്കറ്റുകൾ രാവിലെ 7 മുതൽ വിതരണം ചെയ്യും, പ്രതിദിനം 200 പേർക്ക് പ്രവേശനം അനുവദിക്കും.