അതിശക്തമായി പെയ്യുന്ന മഴയെ അവഗണിച്ച് ശബരിമലയിലേക്കുള്ള തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. കാനനപാത ഭക്തർക്കായി ഇന്ന് തുറന്നു നൽകി. ഇന്ന് രാവിലെ 8 മണിവരെ 30,000 തീർഥാടകർ ദർശനം നടത്തി. തിരക്ക് നിയന്ത്രണത്തിലും അടിസ്ഥാന സൗകര്യത്തിലും തൃപ്തിയാണ് ഭക്തർ രേഖപ്പെടുത്തുന്നത്. ശബരിമല കാനനപാത ഇന്ന് തീർത്ഥാടകർക്കായി തുറന്നു നൽകി. സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീർത്ഥാടകർക്കായി ഇന്ന് രാവിലെ മുതൽ തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പാത സഞ്ചാരയോഗ്യമെന്ന് വനം വകുപ്പിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി.
നേരത്തെ കാനനപാതയിലൂടെയുള്ള ശബരിമല തീർഥാടനം താത്കാലികമായി ഹൈക്കോടതി വിലക്കിയിരുന്നു. മോശം കാലാവസ്ഥ മുൻനിർത്തിയായിരുന്നു വിലക്ക്. വണ്ടിപ്പെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർഥാടനത്തിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പ്രദേശത്ത് ഞായറാഴ്ച മുതൽ കനത്ത മൂടൽമഞ്ഞായിരുന്നു. കാലാവസ്ഥാ അനുകൂലമായാൽ മാത്രമേ ഇതു വഴി ഭക്തരേ കടത്തിവിടുകയുള്ളൂ എന്ന് വനംവകുപ്പ് വ്യക്തമാക്കി.