Health

എണ്ണിയാൽ ഒടുങ്ങാത്ത ആരോഗ്യഗുണങ്ങൾ; പഴങ്കഞ്ഞി ശീലമാക്കൂ ! | pazhankanji-keralas-own-superfood

നമ്മുടെ പൂർവികരുടെ ആരോഗ്യത്തിന്റെ ഒരു പ്രധാന രഹസ്യമാണ് പഴങ്കഞ്ഞി. ഇതിൻറെ ആരോഗ്യഗുണങ്ങൾ പറഞ്ഞാൽ മതിയാകില്ല. പണ്ട് മലയാളികളുടെ തീൻമേശയിൽ പ്രത്യേക സ്ഥാനം പിടിച്ചിരുന്ന പഴങ്കഞ്ഞിക്ക് ഇന്ന് അത്രയ്ക്ക് പ്രാധാന്യം ലഭിക്കുന്നില്ല. എങ്കിലും നമ്മുടെ നാട്ടിൽ ഇന്ന് ധാരാളം പഴങ്കഞ്ഞി കടകൾ ഉണ്ട്. പല വീടുകളുടെ അടുക്കളയിലും ഇന്നും പഴങ്കഞ്ഞി വിളമ്പുന്നുണ്ട്. പഴങ്കഞ്ഞി കുടിക്കുന്നവർക്ക് അസുഖങ്ങൾ കുറവായിരുന്നു.

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല .പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം വേരെയില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങൾ

1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

2. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു.

3. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അൾസർ കുടലിലുണ്ടാവുന്ന ക്യാൻസർ എന്നിവയെ തടയുകയും ചെയ്യുന്നു .

4. ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത്‌ ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു

5. പഴങ്കഞ്ഞിയിൽ വൈറ്റമിൻ ബി 6,ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.ഇവ മറ്റു ഭക്ഷണങ്ങളിൽ വളരെ കുറഞ്ഞ അളവിലെ ലഭ്യമാകുന്നുള്ളൂ .

6. രക്തസമ്മർദ്ധം,കൊളസ്ട്രോൾ,ഹൈപ്പർ ടെൻഷൻ എന്നിവ കുറയ്ക്കുന്നു .

7. ചർമ്മരോഗങ്ങൾ,അലർജി എന്നിവയെ നിയന്ത്രിക്കുന്നു .

8. ഒരു കപ്പ്‌ പഴങ്കഞ്ഞിയിൽ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കുന്നു.

9. കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയിൽ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർദ്ധിക്കുന്നു .

10. വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .

11. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കുവാൻ പഴങ്കഞ്ഞിക്കു കഴിയും.

content highlight: pazhankanji-keralas-own-superfood