Video

സംഭൽ സന്ദർശിക്കാനെത്തിയ രാ​ഹുൽ ​ഗാന്ധിയെ തടഞ്ഞു

ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുർ അതിർത്തിയിൽ പോലീസ് തടഞ്ഞു. ഷാഹി ജുമാ മസ്‌ജിദ് സർവേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭൽ സന്ദർശിക്കാൻ രാഹുൽ ​ഗാന്ധിയെത്തിയത്. യാത്ര തടസപ്പെടുത്തിയതോടെ പോലീസ് വാഹനത്തിലെങ്കിലും ഞങ്ങൾക്ക് പോവണമെന്ന നിലപാടിലായിരുന്നു രാഹുൽ ​ഗാന്ധി. എന്നാൽ പോലീസ് അതിനും അനുവാദം നൽകിയില്ല. പോലീസ് റോഡ് പൂർണമായും അടക്കുകയായിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു. യുപി പിസിസി അധ്യക്ഷൻ അജയ് റായ് അടക്കം ബാരിക്കേ‍ഡ് മറികടന്ന് മുന്നോട്ടുപോയി. യു.പിയിലെ കോൺഗ്രസ് എം.പിമാരും കെ.സി.വേണുഗോപാലും രാഹുൽ ​ഗാന്ധിയുടെ സംഘത്തിനൊപ്പമുണ്ടായിരുന്നു. പോലീസ് വഴി അടച്ചതോടെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ​ഗതാ​ഗതക്കുരുക്കാണ് ​ഗാസിപ്പൂരിൽ ഉണ്ടായത്. പോലീസ് ക്രമസമാധാനം തകർക്കാൻ നോക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. രാഹുൽഗാന്ധിയെ തടയാനാകില്ലെന്നും അദ്ദേഹം സംഭൽ ഉറപ്പായും സന്ദർശിക്കുമെന്നും പ്രവർത്തകർ പറഞ്ഞു. റോഡുകൾ ബ്ലോക്ക് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കോൺഗ്രസിനെതിരെ ജനരോഷം ഉയർത്താനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്നും പ്രവർത്തകർ ആരോപിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് യു.പി അതിർത്തിയിലേക്ക് എത്തുന്നത്. സർക്കാരും ഉദ്യോഗസ്ഥരും സ്ഥിതിഗതികൾ മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും പ്രദേശം സാധാരണ നിലയിലേക്കെത്താൻ അവർ താത്പര്യപ്പെടുന്നില്ലെന്നും സമാജ് വാദി പാർട്ടി എം.പി ഡിംപിൾ യാദവ് പ്രതികരിച്ചു. എം.പിമാരുടെ സംഘങ്ങൾ സംഭലിൽ എത്തിയാൽ കാര്യങ്ങൾ വെളിപ്പെടുമെന്ന് അവർ ഭയപ്പെടുന്നുണ്ടെന്നും അതാണ് യാത്ര തടസ്സപ്പെടുത്തിയതെന്നും ഡിംപിൾ ചൂണ്ടിക്കാട്ടി.

രാഹുൽ ​ഗാന്ധിയുടെ യാത്രയ്ക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ലായിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് പുറത്തുനിന്നുള്ളവർ എത്തുന്നത് നേരത്തെ തന്നെ ജില്ലാ ഭരണകൂടം വിലക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ഉൾപ്പെടെ സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സംഭൽ സന്ദർശനത്തിന് എത്തിയ മുസ്ലിം ലീ​ഗ് എം.പിമാരെയും പോലീസ് തടഞ്ഞിരുന്നു.

Latest News