റേഷന്‍ അരിയിൽ കാണുന്ന വെളുത്ത അരി എന്താണെന്ന് പലരിലും പല സംശയങ്ങള്‍ക്കും ഇടവരുത്തിയിരിക്കും. കേടായ അരിമണികളാണെന്ന് കരുതി ചിലരെങ്കിലും ഇതു പെറുക്കി കളയാറുണ്ട്. എന്നാല്‍ ഇവ അങ്ങനെ പെറുക്കി കളയാൻ ഉള്ളതല്ല. ഈ വെളുത്ത അരിയ്‌ക്ക് ഗുണങ്ങള്‍ ഏറെയാണ്. പോഷക സമ്പന്നമായ ‘ഫോർട്ടിഫൈഡ് റൈസ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. പോഷകമൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മൈക്രോ ന്യൂട്രിയന്‍റുകളുമായി കലർത്തി പ്രത്യേകം തയ്യാറാക്കുന്നവയാണിവ. സംസ്ഥാനത്ത് പോഷകക്കുറവ് പരിഹരിക്കുന്നതിനായി റേഷന്‍കടകളിലൂടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് സമ്പുഷ്ടീകരിച്ച അരിയുടെ വിതരണം. ഒരു ക്വിന്റല്‍ അരിയില്‍ 1 കിലോഗ്രാം വെളള നിറത്തിലുളള വൈറ്റമിന്‍ കര്‍ണലുകള്‍ ചേര്‍ത്ത അരിയാണ് സമ്പുഷ്ടീകരിച്ച അരി. 2022 ആഗസ്റ്റ് മാസത്തില്‍ വയനാട് ജില്ലയിലാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കിയത്.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും ഫോർട്ടിഫൈഡ് അരി പ്രയോജനകരമാണ്. ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക്, വൈറ്റമിൻ B12 എന്നിവയുടെയെല്ലാം അഭാവം ഇല്ലാതാക്കാന്‍ ഇതു കഴിക്കുന്നത് വഴി സാധിക്കും. ആവശ്യമായ പോഷകങ്ങള്‍ സാധാരണ അരി കഴിക്കുന്നതിനൊപ്പം ശരീരത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് റേഷന്‍ അരിയില്‍ ഈ ഫോർട്ടിഫൈഡ് റൈസ് സ്ഥാനം പിടിച്ചിരിക്കുന്നത്.
റേഷന്‍കടകളില്‍ നിന്നും വിതരണം ചെയ്യുന്ന അരിയില്‍ വെളള, ഓഫ് വൈറ്റ് എന്നീ രണ്ട് നിറത്തിലുളള വൈറ്റമിന്‍ കര്‍ണലുകളാണ് ചേര്‍ക്കുന്നത്. അരി കഴുകുമ്പോഴോ മറ്റോ ഇവ പെറുക്കി മാറ്റിവെയ്‌ക്കേണ്ടതില്ല. റേഷന്‍ അരിയിലെ വെളുത്ത അരി പ്ലാസ്റ്റിക്കാണെന്ന് നേരത്തെ ചില കിംവദന്തി പ്രചരിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. അരിക്കൊപ്പം വേവിച്ച് ചോറാക്കി കഴിക്കാവുന്നത് തന്നെയാണ് ഈ വെള്ള അരികളും.