മധ്യപ്രദേശ് ഹൈക്കോടതിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. 6 വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിട്ട സംഭവത്തിലാണ് വിമർശനം. കേസ് തീർപ്പാക്കിയത് കുറവായിരുന്നു എന്ന് കാണിച്ചുകൊണ്ടാണ് ഇവരെ പിരിച്ചുവിട്ടത്. ഇക്കൂട്ടത്തിലൊരാൾ ഗർഭം അലസിയതിനാൽ അനുഭവിച്ച ശാരീരിക-മാനസിക ആഘാതങ്ങളെ മധ്യപ്രദേശ് കോടതി അവഗണിച്ചുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിച്ചത് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ്. സംഭവത്തെക്കുറിച്ച് ജസ്റ്റിസ് നഗരത്ന പറഞ്ഞത് പുരുഷന്മാർക്കും ആർത്തവമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോവുകയാണ് എന്നാണ്. അപ്പോൾ മാത്രമേ അവർക്ക് അത് മനസിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.
2013 ജൂണിലാണ് പ്രൊബേഷൻ സമയത്തെ പ്രകടനം മോശമെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സർക്കാർ ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ടത്. ഹൈക്കോടതി ജഡ്ജിമാരുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെയും ഹൈക്കോടതി ജഡ്ജിമാർ ചേർന്ന യോഗത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു നടപടി. തുടർന്നാണ് കഴിഞ്ഞ ജനുവരിയിൽ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. ജഡ്ജിമാരെ പിരിച്ചുവിട്ട ഹൈക്കോടതി നടപടി പുനഃപരിശോധിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കേസിൽ തുടർന്നും തീർപ്പുണ്ടാക്കാൻ കോടതിയ്ക്കായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിഷയത്തിൽ രൂക്ഷ വിമർശനമുന്നയിച്ചത്.