ഗാസിപൂർ അതിർത്തിയിൽ പൊലീസ് തടഞ്ഞതിനെത്തുടർന്ന് ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനുള്ള നീക്കത്തിൽ നിന്നും രാഹുൽഗാന്ധി പിൻവാങ്ങി. ഡൽഹി–യുപി അതിർത്തിയായ ഗാസിപുരിലാണ് രാഹുലിനെയും പ്രിയങ്കയെയും കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടഞ്ഞത്. ഒന്നര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവിൽ രാഹുൽഗാന്ധിയും നേതാക്കളും ഡൽഹിയിലേക്ക് മടങ്ങി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംഭൽ സന്ദർശിക്കുക എന്നത് തന്റെ അവകാശമാണെന്നും അത് നിഷേധിക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യാത്ര തടസപ്പെടുത്തിയ പോലീസിനെ രാഹുൽ ഗാന്ധി വിമർശിച്ചു. പൊലീസിന് ഒപ്പം പോകാൻ സമ്മതം അറിയിച്ചെങ്കിലും അതിനുള്ള അവസരവും നിഷേധിച്ചു. രാഹുലും പ്രിയങ്കയും അടക്കം അഞ്ചുപേരുടെ സംഘത്തെയെങ്കിലും സംഭാലിലേക്ക് പോകാൻ അനുമതി നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതും പൊലീസ് അനുവദിച്ചില്ല. ഒറ്റയ്ക്ക് സംഭാലിൽ പോകാമെന്ന നിർദേശവും അംഗീകരിച്ചില്ലെന്നും രാഹുൽ ഗാന്ധി പ്രവർത്തകരോട് പറഞ്ഞു.
ഗാസിപുരിൽ ഭരണഘടനയുടെ മാതൃക ഉയർത്തി രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു. സംഭലിലേക്ക് പോകുകയെന്നത് തന്റെ ഭരണഘടനാപരമായ അവകാശമായിരുന്നെന്നും അത് നിഷേധിക്കപ്പെട്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘സംഭലിലേക്ക് പോവുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്റെ അവകാശമാണ്. എന്നാൽ പൊലീസ് യാത്ര തടയുകയാണ്. പൊലീസിന് ഒപ്പം പോകാൻ സമ്മതം അറിയിച്ചെങ്കിലും അതിനുള്ള അവസരവും നിഷേധിച്ചു’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംഭലിൽ നടന്നത് വലിയ തെറ്റാണെന്ന് പ്രിയങ്ക ഗാന്ധിയും ആവർത്തിച്ചു. ഒരിഞ്ച് പോലും പിന്നോട്ടില്ല. പോരാട്ടം തുടരുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
ഗാസിപൂർ അതിർത്തിയിൽ വച്ച് പോലീസ് ബസ് കുറുകെയിട്ടും ബാരിക്കേഡ് വച്ചും തടയുകയായിരുന്നു. യുപി പോലീസ് തടഞ്ഞതോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കളും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് യുപി അതിർത്തിയിൽ നിന്ന് മുന്നോട്ട് പോകാനായില്ല. കോൺഗ്രസ് നേതാക്കളുടെ സന്ദർശനം പരിഗണിച്ച് സംഭാലിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പുറത്തു നിന്നും ആരെയും പ്രവേശിപ്പിക്കരുതെന്നാണ് നിർദേശം. ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ള കർശന നിയന്ത്രണം ഈ മാസം 31 വരെ ജില്ലാ ഭരണകൂടം നീട്ടിയിട്ടുണ്ട്.