പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻറെ യുആർ പ്രദീപ് എന്നിവർ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ആദ്യം പ്രദീപും പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലും സത്യവാചകം ചൊല്ലി. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ.
സഗൗരവമായിരുന്നു പ്രദീപിന്റെ സത്യപ്രതിജ്ഞ. നിയമസഭയിലെ രണ്ടാം ഊഴമാണ് യു.ആർ.പ്രദീപിന്റേത്. 2016ൽ ആയിരുന്നു യു.ആ. പ്രദീപിന്റെ ആദ്യ വിജയം. നിലവിൽ സിപിഐഎം ദേശമംഗലം ലോക്കൽ കമ്മിറ്റി സെക്രെട്ടറിയാണ് യു.ആർ.പ്രദീപ്. രണ്ടാമൂഴത്തിൽ സന്തോഷമുണ്ടെന്ന് സത്യപ്രതിജ്ഞയ്ക്ക് കുടുംബത്തോടൊപ്പം എത്തിയ യു.ആർ.പ്രദീപ് പ്രതികരിച്ചു. രാഹുൽമാങ്കൂട്ടത്തിൽ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. ഉപ തിരഞ്ഞെടുപ്പ് വേളയിലെ നിരവധി വിവാദങ്ങൾ മറി കടന്നാണ് രാഹുൽ വലിയ നേട്ടം സ്വന്തമാക്കിയത്. പാലക്കാട്ടെ ജനത നൽകിയത് പെട്ടിയിലൊതുങ്ങാത്ത സ്നേഹമാണെന്നും ട്രോളി വിവാദം അവസാനിപ്പിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതികരിച്ചു.
നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ചീഫ് വിപ്പ് എൻ. ജയരാജ്, മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാർ, കെ. കൃഷ്ണൻകുട്ടി, പി. പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ, കെ. രാജൻ, സജി ചെറിയാൻ, എ.കെ. ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.