പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം പലപ്പോഴും തൊണ്ടവേദന, ജലദോഷം, ചുമ എന്നിവയ്‌ക്ക് കാരണമായേക്കാം. തൊണ്ടവേദന അനുഭവപ്പെടുമ്പോൾ, ഉമിനീർ ഇറക്കാൻ ബുദ്ധിമുട്ടുമ്പോൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പ്രകൃതിദത്ത മാർഗമുണ്ട്. പ്രശസ്ത പോഷകാഹാര വിദഗ്ധനായ സിമ്രത് ഭൂയി നിർദേശിക്കുന്ന ആ മാർഗം പരിചയപ്പെടാം..
ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളടങ്ങിയ ഒന്നാണ് തേൻ. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അകറ്റാൻ നല്ലതാണ്. നാരങ്ങയുടെ അസിഡിക് ഗുണങ്ങൾ മ്യൂക്കസിനെ ഇല്ലാതാക്കാൻ സഹായിക്കും. ഇത്തരം പ്രയാസങ്ങൾ അകറ്റാൻ ഇഞ്ചിനീരും കേമൻ തന്നെ. തൊണ്ടവേദനയകറ്റാൻ കുടിക്കേണ്ട മിശ്രിതം തയ്യാറാക്കേണ്ടത് ഇങ്ങനെ..
ഇഞ്ചി, വെള്ളം, തേൻ, ചെറുനാരങ്ങ നീര് എന്നിവയാണ് ഇതിനാവശ്യം. 200 മില്ലി ലിറ്റർ വെള്ളത്തിൽ ചെറിയ ഒരു കഷ്ണം ഇഞ്ചിയിട്ട് തിളപ്പിക്കുക. വെള്ളം ചൂടാറിക്കഴിഞ്ഞാൽ അതിലേക്ക് ഒരു സ്പൂൺ തേനും ഏതാനും തുള്ളി നാരങ്ങനീരും ചേർക്കുക. ശേഷം ഇത് കുടിക്കുക. തൊണ്ടവേദനയ്‌ക്ക് ആശ്വാസം ലഭിക്കും. ഇത് കുട്ടികൾ കഴിക്കാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മാത്രവുമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത്തരം പരീക്ഷണങ്ങൾക്ക് നിൽക്കാതെ ഡോക്ടറെ കാണിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.