Kerala

പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗ് സമ്മാനിച്ച് സ്പീക്കര്‍; ‘ട്രോളി’ ചർച്ചയായതോടെ പിന്നാലെ വിശദീകരണം –

സത്യപ്രതിജ്ഞ ചെയ്ത പുതിയ എംഎല്‍എമാര്‍ക്ക് നീല ട്രോളി ബാഗില്‍ ഉപഹാരം സമ്മാനിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനും യുആര്‍ പ്രദീപിനുമാണ് സത്യപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭാ സെക്രട്ടറിയേറ്റ് നീല ട്രോളി ബാഗ് സമ്മാനമായി നല്‍കിയത്. നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും അടങ്ങുന്നതാണ് ഈ നീല ട്രോളി ബാഗ്.

ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്നു സിപിഎം ആരോപിച്ചിരുന്നു. ഈ വിവാദത്തില്‍ സിപിഎമ്മില്‍നിന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്ന രാഹുലിന് ഉള്‍പ്പെടെ നീല ട്രോളി ബാഗ് സ്പീക്കര്‍ സമ്മാനമായി നല്‍കിയത് ചര്‍ച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു.

സ്പീക്കറുടെ സമ്മാനം ചര്‍ച്ചയായതോടെ ബാഗിന്റെ നിറത്തില്‍ അസ്വാഭാവികത ഇല്ലെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. ഉമാ തോമസിനും ചാണ്ടി ഉമ്മനും നല്‍കിയത് നീല നിറത്തിലുള്ള ട്രോളി ബാഗാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു. കൂടാതെ ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ എന്നിവ സംബന്ധിച്ച പുസ്തകങ്ങള്‍ ഉൾപ്പെടെയുള്ളവയാണു ബാഗില്‍ ഉള്ളത്. എല്ലാ പുതിയ എംഎല്‍എമാര്‍ക്കും ബാഗ് നല്‍കാറുണ്ടെന്നും ഇത്തവണ ആകസ്മികമായി നീല നിറം ആയതാണെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു.

STORY HIGHLIGHT: kerala assembly gifts blue trolley bags