Kerala

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവി എന്താകും? വ്യാഴാഴ്ച നിര്‍ണായക ചര്‍ച്ച – silverline dpr railways suggests drastic changes

കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ കെ റെയിലിന്‍റെ ഭാവി ഈ ആഴ്ച അറിയാം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാവി സംബന്ധിച്ച നിര്‍ണായക ചര്‍ച്ച വ്യാഴാഴ്ച നടക്കും. റെയില്‍വേയുടെ അനുമതി ലഭിക്കണമെങ്കില്‍ പദ്ധതിയുടെ ഡി പി ആർ പൊളിക്കേണ്ടി വരും. വന്ദേഭാരത് കൂടി ഓടിക്കാവുന്ന ബ്രോഡ്‌ഗേജ് പാത വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് ഡി പി ആറിൽ മാറ്റം വരുത്തിയേക്കുമെന്നാണ് വിവരം. ഡിസംബർ അഞ്ച് വ്യാഴാഴ്ചയാണ് ദക്ഷിണ റെയിൽവേ യോഗം വിളിച്ചിരിക്കുന്നത്.

ദക്ഷിണ റെയില്‍വേയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയും മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരും കെ.റെയിലിന്റെ എംഡി അടക്കം ഉള്ള പ്രമുഖ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഏത് രീതിയിലാണ് സില്‍വര്‍ ലൈന്‍ നടപ്പാക്കേണ്ടതെന്ന് സംബന്ധിച്ച നിര്‍ദേശങ്ങള്‍ കെ റെയിലിന് റെയില്‍വേ നല്‍കിയിട്ടുണ്ട്. അതില്‍ കെ റെയിലിന് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളുണ്ടെങ്കില്‍ അത് ദൂരികരിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളാണ് നാളെ നടക്കുന്നത്.

നിലവിലുള്ള ഡി പി ആർ അടിമുടി പൊളിക്കുമ്പോള്‍ സില്‍വര്‍ ലൈനിന്റെ ഉദേശലക്ഷ്യം ഘടകവിരുദ്ധമായി മാറും. സില്‍വര്‍ ലൈന്‍ DPR പ്രകാരം നിലവില്‍ വിഭാവനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ്‌ ഗേജിലാണ്. പക്ഷേ റെയില്‍വേ വിഭാവനം ചെയ്യുന്നത് DPR പൊളിച്ച് ബ്രോഡ്‌ഗേജ് ആക്കണമെന്നാണ്.

തിരുവനന്തപുരം – കാസർകോട് വരെയുള്ള സിൽവർ ലൈൻ പാതയിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ കെ റെയിൽ കുതിച്ചുപായുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മറ്റു ട്രെയിനുകൾക്ക് കൂടി പ്രയോജനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ബ്രോഡ്ഗേജിൽ പാത നിർമിക്കണമെന്നാണ് റെയിൽവേ ആവശ്യപ്പെട്ടിരിക്കുന്നത്. ചരക്ക് ട്രെയിൻ ഉൾപ്പെടെയുള്ളവ ഈ പാതയിലൂടെ ഓടിക്കുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

STORY HIGHLIGHT: silverline dpr railways suggests drastic changes