Thiruvananthapuram

അരുവിക്കര ഡാം… തിരുവനന്തപുരം നഗരത്തിലെ ജലസ്രോതസ്സ്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് അരുവിക്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കരമനയാറിനു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ ആര്‍ച്ച് ഡാം 1934 ല്‍ ആണ് പൂര്‍ത്തിയായത്. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.വെല്ലിങ്ങ്ടണ്‍ ജലസേചന പദ്ധതിയുടെ ആസ്ഥാനം അരുവിക്കരയിലാണ്.

തിരുവനന്തപുരം നഗരത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഒരു ടൂറിസം സ്‌പോട്ട് കൂടിയാണ് അരുവിക്കര ഡാം. ജല സംഭരണികളെ ചുറ്റിപ്പറ്റിയുള്ള ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രമാണ്. അരുവിക്കര ഡാമിനെ ചുറ്റിപ്പറ്റി ധാരാളം വിനോദ സഞ്ചാര പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി ആയിട്ടാണ് അരുവിക്കര ഡാം ടൂറിസം പദ്ധതി വികസിക്കുന്നത്.

മനോഹരമായ മലമടക്കുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിര്‍മ്മിച്ച് പരിപാലിക്കുന്ന ശിവ പാര്‍ക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് വളരെ ശാന്തമായ ഒരു സായാഹ്നം ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി എത്താവുന്ന ഒരു സ്ഥലമാണ് അരുവിക്കര. ജലസംഭരണിയും അതിനോട് ചേര്‍ന്നുള്ള മനോഹരമായ ഭൂപ്രകൃതിയും ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.കുട്ടികള്‍ക്കായി ഇവിടെ വിശാലമായ ഒരു പാര്‍ക്കുണ്ട്.

പാറയുടെ മുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ദുര്‍ഗ്ഗാ ദേവി ക്ഷേത്രവും ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. അതിനടുത്തായി അരുവി ഒഴുകുന്നു, അരുവിക്കര ഡാമില്‍ ധാരാളം മത്സ്യങ്ങളുണ്ട്. സന്ദര്‍ശകര്‍ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ഈ മത്സ്യങ്ങളെ പവിത്രമായി കണക്കാക്കുന്നു, ഇവയ്ക്ക് ഭക്ഷണം നല്‍കിയാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുമെന്നതാണ് ഇവിടത്തെ വിശ്വസം. റിസര്‍വോയറിന് സമീപം ബോട്ടിംഗ് സൗകര്യം ലഭ്യമാണ്.

എന്നാല്‍ അരുവിക്കരസംഭരണിയുടെ ഷട്ടറുകള്‍ക്ക് സമീപം മാത്രമാണ് അല്‍പ്പമെങ്കിലും വെള്ളമുള്ളതെന്നാണ് ഇപ്പോള്‍ പറയുന്നത്. അത്‌പോലും മൂന്നോ, നാലോ മീറ്റര്‍ ആഴത്തില്‍ മാത്രം. 48 ഹെക്ടര്‍ വിസ്തൃതിയുള്ള അരുവിക്കര ഡാമിന്റെ 70 ശതമാനത്തിലേറെ പ്രദേശവും മണ്ണും ചെളിയും മൂടി പായലും പുല്ലും നിറഞ്ഞ് കരയായി മാറിക്കഴിഞ്ഞുവെന്ന് ജലഅതോറിറ്റി പോലും സമ്മതിക്കുന്നതായാണ് വിവരം. രണ്ട് ദശലക്ഷം മെട്രിക്ക് ക്യുബ് വെള്ളം സംഭരിക്കാവുന്ന ഡാമില്‍ മുക്കാലും ചെളിയും മണലും എക്കലുമാണ്. 40 ലക്ഷം പേര്‍ ആശ്രയിക്കുന്ന കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഡാമുകളിലൊന്നാണ് ഇങ്ങനെ നശിച്ചുപോകുന്നത്.