ഓര്‍ത്തോഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ 1934 ലെ സഭ ഭരണഘടന അംഗീകരിക്കണമെന്ന നിബന്ധന പാടില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പള്ളികളുടെ വളപ്പിലുള്ള സെമിത്തേരികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ എല്ലാവര്‍ക്കും ഉപയോഗിക്കാം.
തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളില്‍ ആയുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തോഡോക്സ് വിഭാഗത്തിന് കൈമാറാന്‍ യാക്കോബായ സഭയോട് നിര്‍ദേശിച്ച് കൊണ്ട് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക നിര്‍ദേശം. പള്ളികളുടെ വളപ്പിലുള്ള സെമിത്തേരികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവ എല്ലാവരും ഉപയോഗിക്കുന്നതിന് 1934 സഭാ ഭരണഘടന അംഗീകരിക്കണം എന്ന വ്യവസ്ഥ പാടില്ലെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സെമിത്തേരികളില്‍ ശവസംസ്‌കാര ശുശ്രൂഷ നടത്തുന്ന പുരോഹിതര്‍ 1934 ലെ സഭ ഭരണഘടന അംഗീകരിക്കണം എന്നാണ് ഓര്‍ത്തോഡോക്സ് സഭയുടെ നിലപാട്. ഇതേ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ആണ് കേരള നിയമസഭാ സെമിത്തേരി ബില്ല് പാസ്സാക്കിയത്. ക്രിസ്ത്യന്‍ പള്ളികളിലെ ഇടവകാംഗത്തിനു പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കുന്നത് ആയിരുന്നു സെമിത്തേരി ബില്ല്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടെ ഇതിന് മാറ്റം ഉണ്ടാകും എന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
STORY HIGHLIGHT: Church dispute