വീട് വൃത്തികേടാക്കുന്നതില്‍ പ്രാധാനിയാണ് പല്ലി. എത്ര വൃത്തിയാക്കിയിട്ടാലും ഇരുട്ടി വെളുക്കുമ്പോഴേക്കും പല്ലിക്കാഷ്ഠംകൊണ്ട് ഭിത്തിയും തറയും വൃത്തികേടായി കിടക്കുന്നത് കാണാം. എന്നാല്‍ വീട്ടില്‍ തന്നെയുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് ഒരുപരിധിവരെ പല്ലികളെ തുരത്താനാവും.
പല്ലികള്‍ പൊതുവേ ചൂടുള്ള സാഹചര്യങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. മുറികളില്‍ എസിയുണ്ടെങ്കില്‍ താപനില ഇരുപത്തിരണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കിയിടുന്നത് പല്ലികളെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.
വെളുത്തുള്ളിയുടെയും സവാളയുടെയും മണം പല്ലികള്‍ക്ക് സഹിക്കാനാകില്ല. മുറിയുടെ മൂലകളിലും ജനല്‍ പടികളിലുമൊക്കെ വെളുത്തുള്ളി അല്ലികളും മുറിച്ചനിലയിലുള്ള സവാളയും വയ്ക്കാം. അല്ലെങ്കില്‍ വെളുത്തുള്ളിയുടെയോ സവാളയുടെയോ നീര് വെള്ളത്തില്‍ കലര്‍ത്തി മുക്കിലും മൂലയിലും സ്‌പ്രേ ചെയ്താലും മതിയാവും. ഇവയുടെ ഗന്ധം പരക്കുന്നതോടെ പല്ലികള്‍ സ്ഥലം വിടും.
ഉപയോഗശേഷം കളയുന്ന മുട്ടത്തോട് പല്ലിയെ തുരത്താന്‍ ഉപകരിക്കും. മുട്ടയുടെ മണം പൊതുവേ പല്ലികള്‍ക്ക് അസഹനീയമാണ്. അതിനാല്‍ മുട്ട ഉപയോഗിച്ച ശേഷം പൊട്ടിച്ചെടുത്ത തോട് തുടച്ചെടുക്കുക. പല്ലികള്‍ സ്ഥിരമായി കടന്നുകൂടാറുള്ള വാതിലുകള്‍, ജനാലകള്‍ എന്നിവയ്ക്ക് സമീപം ഈ മുട്ടത്തോട് വയ്ക്കാം. ഒരുപരിധിവരെ പല്ലികള്‍ അകത്തേക്ക് കയറാതെ തടഞ്ഞുനിര്‍ത്താന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കും. എന്നാല്‍ പിറ്റേന്ന് തന്നെ മുട്ടത്തോടുകള്‍ അവിടെ നിന്നും എടുത്തുമാറ്റാനും ശ്രദ്ധിക്കണം.
ഇനി പതിവായി പല്ലിശല്യം ഇല്ലാതെ ഒന്നോ രണ്ടോ എണ്ണം കയറിക്കൂടുന്നതാണ് പ്രശ്‌നമെങ്കില്‍ അതിനും പരിഹാരമുണ്ട്. ഫ്രിജില്‍ വച്ച് തണുപ്പിച്ച വെള്ളം അവയുടെ ദേഹത്തേക്ക് തളിച്ചാല്‍ പല്ലികള്‍ക്ക് അല്‍പസമയത്തേക്ക് ചലിക്കാന്‍ സാധിക്കാതെയാവും. ഈ അവസ്ഥയില്‍ അവയെ എടുത്ത് പുറത്ത് കളയാവുന്നതാണ്.
ആഹാരസാധനങ്ങളാണ് പല്ലികളെ കൂടുതലായും വീടിനുള്ളിലേക്ക് ആകര്‍ഷിക്കുന്നത്. അതിനാല്‍ ഭക്ഷണസാധനങ്ങള്‍ നന്നായി അടച്ചു വയ്ക്കാന്‍ ശ്രദ്ധിക്കുക. ബാക്കിയാവുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ വീടിനുള്ളില്‍ നിന്ന് നീക്കം ചെയ്യുകയും വേണം. കബോര്‍ഡുകളുടെ ഉള്ളിലും പതിവായി തുറക്കാത്ത ഇടങ്ങളിലും പല്ലികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങള്‍ എപ്പോഴും വൃത്തിയാക്കി വയ്ക്കുക.